സുവോളജി-ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
മലപ്പുറം: അപൂര്‍വയിനം പക്ഷികളുടെയും ദേശാടന പക്ഷികളുടെയും സങ്കേതമായി മാറിയ തിരുനാവായയെ കേരളത്തിലെ കമ്മ്യൂണിറ്റി റിസര്‍വ് ആക്കുന്നതിനു മുന്നോടിയായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന വനംവകുപ്പും സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ ആരംഭിച്ചു.
നാലു വര്‍ഷമായി തിരുനാവായയിലെത്തുന്ന പക്ഷികളില്‍ പഠനം നടത്തിയ പരിസ്ഥിതി സംഘടനയായ റീ-എക്കൗ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജ്യണല്‍ സെന്ററിലെ അസി. സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട്, കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി. രതീഷന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ബി ശശികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
കേരളത്തില്‍ ഇത്രയധികം ഓപ്പണ്‍ വില്‍ പക്ഷികള്‍ കൂടുകൂട്ടുന്നത് ഇന്ന് അപൂര്‍വമാണെന്നും ഇതുസംബന്ധിച്ചു സമഗ്ര പദ്ധതികള്‍ ഉടന്‍ തയാറാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഘത്തെ എം.കെ സതീഷ് ബാബു, റീ-എക്കൗ സീനിയര്‍ വൈസ് പ്രസിഡന്റ് പാമ്പലത്ത് ഫസലു, സി. ഖിളര്‍, കെ. ഹനീഫ, പരിസ്ഥിതി സംഘടനാ ജില്ല കോഡിനേറ്റര്‍ എം.പി.എ ലത്വീഫ് എന്നിവര്‍ അനുഗമിച്ചു.
തുടര്‍ന്നു തിരുനാവായ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന അവലോകന യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, പ്രതിപക്ഷ നേതാവ് ടി. വേലായുധന്‍, അംഗം നാസര്‍ പറമ്പില്‍, റീ-എക്കൗ പ്രസിഡന്റ് സി.പി.എം ഹാരിസ്, കെ.പി അലവി, ചിറക്കല്‍ ഉമ്മര്‍, പക്ഷി നിരീക്ഷകന്‍ എം. സാദിഖ് എന്നിവര്‍ പങ്കെടുത്തു. കര്‍ഷകരുടെയും വിദഗ്ധരുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നു സംഘം ബന്തര്‍ കടവും പരിസരവും പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."