ശേഖരിച്ചമാലിന്യം നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തള്ളി യുവാക്കളുടെ പ്രതിഷേധം
തിരൂരങ്ങാടി: ടൗണ്‍ ശുചീകരിച്ച മാലിന്യം കൊണ്ടുപോകാന്‍ അധികൃതര്‍ മടിച്ചു. ശേഖരിച്ച മാലിന്യം നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തള്ളി യുവാക്കള്‍ പ്രതിഷേധിച്ചു. തിരൂരങ്ങാടി താഴെചിന യൂത്ത് പ്രവര്‍ത്തകരാണ് സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി താഴെചിന അങ്ങാടിയില്‍ ശുചീകരണം നടത്തിയത്.
ശേഖരിച്ച മാലിന്യങ്ങള്‍ ചാക്കുകളിലാക്കി വയ്ക്കുകയും നഗരസഭയെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് കൊണ്ടുപോകാന്‍ നഗരസഭ വിസമ്മതിച്ചതോടെ ഡിവിഷന്‍ കൗണ്‍സിലര്‍ നൗഫല്‍ തടത്തിലിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ മാലിന്യവുമായി നഗരസഭാ കാര്യാലയത്തിന് മുന്നിലെത്തുകയായിരുന്നു.
നിരവധി തവണ നഗരസഭാധ്യക്ഷയെ വിളിച്ച് വാഹനമെത്തിക്കണമെന്നറിയിച്ചിട്ടും വാഹനവുമായി അവിടെ വന്ന് എടുക്കാനാവില്ലെന്നും ഇവിടെ എത്തിക്കണമെന്നും നഗരസഭാധ്യക്ഷ അറിയിച്ചതോടെയാണ് യുവാക്കള്‍ പ്രതിഷേധവുമായി നഗരസഭയില്‍ നേരിട്ടെത്തിയത്.
മുദ്രാവാക്യവുമായി സംഘമായെത്തിയ യുവാക്കള്‍ മാലിന്യം നിറച്ച ചാക്കുകള്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തള്ളി സ്ഥലം വിട്ടു. ഓഫിസിനുമുന്നില്‍ ഏറെനേരം വഴിമുടക്കികിടന്ന മാലിന്യ ചാക്കുകള്‍ പിന്നീട് നഗരസഭാ വാഹനമെത്തി നീക്കം ചെയ്യുകയായിരുന്നു.
നഗരസഭയിലെ മെയിന്റോഡിലുളള മാലിന്യം മാത്രം വാഹനവുമായി എടുത്താല്‍ മതിയെന്ന കൗണ്‍സില്‍ തീരൂമാനമാണിതെന്നും അതിനാല്‍തന്നെ തീരുമാനത്തില്‍ മാറ്റമില്ലെന്നുമാണ് ചെയര്‍പേഴ്‌സന്റെ ഭാഷ്യം. പ്രതിഷേധത്തിന് താഴെചിന യൂത്ത് പ്രവര്‍ത്തകരായ അസീസ് തടത്തില്‍, ഫഹദ് മനോല, എം,കെ. നസറുളള,, ഇ.പി. അഷ്‌റഫ്, ഫവാസ് കൊളക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."