വ്യാജ വിവാഹ രേഖ ചമച്ച് സ്വത്ത് തട്ടിപ്പ്: മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി
തളിപ്പറമ്പ്: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും തളിപ്പറമ്പ് ഡി.വൈ.എസ്.പി മുമ്പാകെ കീഴടങ്ങി. അറസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഇവർ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി വ്യാഴാഴ്ച്ച രാവിലെ ഹൈക്കോടതി തളളിയിരുന്നു. ശൈലജയുടെ സഹോദരി ജാനകിയും ജാമ്യാപേക്ഷയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇവര്‍ നേരത്തെ അറസ്റ്റിലായതിനാല്‍ ഹരജിയില്‍നിന്നു ഒഴിവായി. ഉന്നതരായ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നായിരുന്നു പൊലിസ് കോടതി മുമ്പാകെ പ്രധാനമായും ഉന്നയിച്ച വാദം.
സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്താണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തത്. ബാലകൃഷ്ണനെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും എല്ലാം സഹോദരി പറഞ്ഞതനുസരിച്ചാണ് ചെയ്തതെന്നും ജാനകി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വിവാഹം കഴിച്ചുവെന്ന രേഖ വ്യാജമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഈ രേഖ ഉപയോഗിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി ശൈലജ തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
2011ല്‍ തിരുവനന്തപുരം പേട്ടയിലെ താമസസ്ഥലത്തുനിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വച്ചാണു ബാലകൃഷ്ണന്‍ നായര്‍ മരിച്ചത്. പയ്യന്നൂര്‍ സ്വദേശി കൃഷ്ണകുമാര്‍ തന്റെ ബന്ധുവാണെന്നു പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ഭാരതപ്പുഴയോരത്തു സംസ്‌കരിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം നടത്താതെ കേസ് എഴുതിത്തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."