പൊലിസ് സംരക്ഷണം ലഭിച്ചില്ലെങ്കില്‍ പീലിങ് ഷെഡുകള്‍ അടച്ചിടുമെന്ന്
അരൂര്‍: പൊലിസ് സംരക്ഷണം ലഭിച്ചില്ലങ്കില്‍ തിങ്കളാഴ്ച മുതല്‍ പീലിങ് ഷെഡുകള്‍ അടച്ചിടുമെന്ന് ചേമ്പര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രി അറിയിച്ചു.
ചില തല്‍പ്പര കക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി പീലിങ് ഷെഡുകളിലെ സ്ത്രീ തൊഴിലാളികളെ ഭീഷിണിപ്പെടുത്തിയും ബലം പ്രയോഗിച്ചും മറ്റ് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ചും സമര മുഖത്തേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണെന്ന് ചേമ്പര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വി.പി ഹമീദ് പറഞ്ഞു. ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഏഴ് അംഗീക്യത തൊഴിലാളി സംഘടനകളും ചേമ്പര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കുലി വര്‍ധനവുള്‍പ്പടെ ആറ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ച് ഒപ്പുവച്ചിരുന്നു.
വ്യവസ്ഥകള്‍ തൊഴിലാളികള്‍ അംഗീകരിച്ച് ജോലി ചെയ്ത് വരുന്ന സാഹചര്യത്തില്‍ യാതൊരു തൊഴില്‍ ബന്ധവുമില്ലാത്ത ചില സാമൂഹ്യവിരുദ്ധരുടെ പിന്‍ബലത്തോടെ ഒരു കൂട്ടം സ്ത്രീകള്‍ ഷെഡുകളില്‍ എത്തി തൊഴില്‍ സ്തംഭനം നടത്തിവരുന്നതായി ഷെഡ് ഉടമകള്‍ ആരോപിച്ചു. ഓണം, ബക്രീദ് എന്നിവ അടുത്തുവരുന്ന അവസരത്തില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളേയും ഷെഡ് ഉടമകളേയും പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ഷെഡ് ഉടമകള്‍ കുറ്റപ്പെടുത്തി.
ചേര്‍ത്തല താലൂക്കില്‍ 260 ഷെഡ്ഡുകളിലായി പതിനയ്യായിരം തൊഴിലാളികള്‍ പണിയെടുക്കുന്നു. മാസത്തില്‍ ഇവരുടെ കൂലിയായി 16 കോടി രുപയോളം രൂപാ കൈപ്പറ്റി വരുന്നു.
ജില്ലാ ലേബര്‍ ഓഫീസര്‍ 17 ന് വീണ്ടും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ജെ.ആര്‍.അജിത്ത്, വി.കെ.ഇബ്രാഹിം, റ്റി.എ.അബ്ദുള്‍ അസീസ്, എം.ജെ.യേശുദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."