ഉപഭോക്താക്കളെ പിഴിഞ്ഞ് ഗ്യാസ് ഏജന്‍സികള്‍
കാക്കനാട്: പുതിയ ഗ്യാസ് കണക്ഷനു വേണ്ടി സമീപിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഗ്യാസ് ഏജന്‍സികള്‍ അധികം തുക ഈടാക്കുന്നതായി പരാതി. ഭരത് ഗ്യാസ് ഏജന്‍സികളെക്കുറിച്ചാണ് പരാതികള്‍ ഏറെയും. പലവിധ കാരണങ്ങള്‍ പറഞ്ഞാണ് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നത്.
ഭരത് ഗ്യാസിന്റെ വെബ്‌സൈറ്റു പ്രകാരം നല്‍കേണ്ട തുകയേക്കാള്‍ കൂടുതല്‍ പണമാണ് പുതിയ കണക്ഷനെടുക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കേണ്ടിവരുന്നത്. രണ്ട് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, റഗുലേറ്റര്‍, ട്യൂബ് എന്നിവയടക്കം 5,000 രൂപയിലേറെ നല്‍കേണ്ടിവരുന്നു. 14.5 കിലോഗ്രാം തൂക്കമുള്ള പാചക വാതക സിലിണ്ടറിന് വാറ്റടക്കം 916 രൂപയാണ് ജില്ലയില്‍ ഉപഭോക്താവ് നല്‍കേണ്ടത്. അനുബന്ധ ചാര്‍ജുകള്‍ അടക്കം തുക 1456 രൂപ. ഇതില്‍ 170 രൂപ മൂല്യമുള്ള സുരക്ഷാ ട്യൂബും പെടും. എന്നാല്‍ പുതിയ കണക്ഷന് ഏജന്‍സികള്‍ അയ്യായിരം രൂപ ഈടാക്കുന്നതിനെതിരേ അന്വേഷണമോ നടപടിയോ ഗ്യാസ് കമ്പനികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഗ്യാസ് സ്റ്റൗവിന്റെ പേരിലാണ് കൂടുതല്‍ തുക വാങ്ങി ഉപഭോക്താക്കളെ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നത്. സ്റ്റൗ ഉപഭോക്താവിന് ഇഷ്ടപ്പെട്ടതു വാങ്ങാമെന്നിരിക്കേ തങ്ങളില്‍ നിന്നു തന്നെ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.
ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വാടകച്ചീട്ട്, ഇലക്ഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ടെലിഫോണ്‍ ബില്‍, വാട്ടര്‍ ബില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കണമെന്നാണ് ചട്ടം. ഇവ സ്വന്തമായോ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയോ ഹാജരാക്കിയാല്‍ മതി. എന്നാല്‍ റേഷന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ കണക്ഷന്‍ നല്‍കില്ലെന്ന നിലപാടാണ് പല ഗ്യാസ് ഏജന്‍സികളും സ്വീകരിച്ചു വരുന്നത്. അമിത തുക ഈടാക്കാനുള്ള തന്ത്രമാണിതെന്നും പറയപ്പെടുന്നു.
ഗ്യാസ് എജന്‍സികള്‍ സേവനങ്ങള്‍ സംബന്ധിച്ച വിശദാശങ്ങളും ഫീസും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."