വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് വിദ്യാര്‍ഥിക്ക് പരുക്ക്
മണ്ണഞ്ചേരി: ഇരട്ടലക്ഷം വീടിന്റെ ഇടഭിത്തി ഇടിഞ്ഞുവീണ് വിദ്യര്‍ഥിക്ക് പരുക്ക്.
മറ്റുള്ളവര്‍ വീടിന് വെളിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആപ്പൂര് ലക്ഷംവീട്ടിലെ ഇരട്ടലക്ഷം വീടുകളിലൊന്നിന്റെ ഇടഭിത്തിയാണ് തകര്‍ന്നുവീണത്. വീട്ടുടമ സാദിഖിന്റെ മകന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഇര്‍ഫാ (17)ന് സാരമായി പരുക്കേറ്റു.
വീട്ടിലുണ്ടായിരുന്ന മാതാവും സഹോദരങ്ങളും ഈ സമയം പുറത്തായിരുന്നു. പഠിച്ചുകൊണ്ടിരുന്ന ഇര്‍ഫാന്റെ കൈക്കും കാലിനുമാണ് പരുക്കേറ്റത്. 50-ഓളം വര്‍ഷത്തെ പഴക്കമുളള വീടുകളിലൊന്നാണിത്.
മുന്‍ മന്ത്രി എം.എന്‍ ഗോവിന്ദന്‍നായര്‍ വിഭാവനം ചെയ്ത ലക്ഷം വീടുകളിലൊന്നാണ് ഇന്നലെ ഭാഗികമായി തകര്‍ന്നത്. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇത്തരംവീടുകള്‍ ഒറ്റവീടുകളാക്കുന്നതിന് പണം അനുവദിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് ഇവ പുതുക്കി പണിത് നല്‍കുന്നതിന് തടസമായത്.
ഇതിനോടൊപ്പമുള്ള മറ്റൊരു വീട്ടില്‍ കൂലിപ്പണിക്കാരനായ രാജുവും കുടുംബവുമാണ് താമസിക്കുന്നത്. സമീപത്തെ റോഡില്‍ക്കൂടി വാഹനങ്ങള്‍ പോയാല്‍പ്പോലും വീട് കുലുങ്ങുന്ന സ്ഥിതിയാണെന്നും വളരെ ഭയത്തോടെയാണ് അന്തിയുറങ്ങുന്നതെന്നും ഇവര്‍ പറഞ്ഞു.
ദുരന്തസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥും വൈസ് പ്രസിഡന്റ് മഞ്ജു രതികുമാറും സെക്രട്ടറി സി.കെ ഷിബുവും സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം ഇരട്ടലക്ഷംവീട് പുനര്‍നിര്‍മിക്കുന്നതിനായി പ്രോജക്ട് തയാറാക്കിയിരുന്നെന്നും അപേക്ഷകര്‍ ആരും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇവ നടപ്പാക്കാന്‍ കഴിയാതെ വന്നതെന്നും ഇതുമൂലം ഇത്തവണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സെക്രട്ടറി സി.കെ ഷിബു പറഞ്ഞു.
എന്നാല്‍ ഇവര്‍ക്ക് വീട് പുനര്‍നിര്‍മിച്ച് നല്‍കുന്നതില്‍ യാതൊരു തടസവുമില്ലെന്നും പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."