വ്യാജമദ്യം: കേസിലെ പ്രതിയെ പിടികൂടി
കൊടുങ്ങല്ലൂര്‍: മതിലകം കൂളിമുട്ടം പൊക്കളായിയില് വാടക വീട്ടില്‍ നിന്നു വ്യാജമദ്യം പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ശ്രീനാരായണപുരം പുതുമന പറമ്പ് സ്വദേശി ചിറ്റേഴത്ത് അനില്‍കുമാറിനെയാണ് കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍ ജോസും സംഘവും അറസ്റ്റ് ചെയ്തത് .
വിവിധ ജില്ലകളിലായി പത്തോളം അബ്കാരി കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പ് വെള്ളാങ്കല്ലൂരില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ സംഭവത്തില്‍ സൂത്രധാരനായിരുന്നു.
അറസ്റ്റിലായ അനിലിന്റെ മാളയില്‍ ഉള്ള വാടകവീട്ടില്‍ നിന്ന് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ യൂനിഫോം കണ്ടെടുത്തു.
കസ്റ്റഡിയിലെടുത്ത യൂനിഫോം തുടരന്വേഷണത്തിനായി പൊലിസിന് കൈമാറി.
മൊബൈല്‍ ഫോണുകള്‍, കാലിക്കുപ്പികള്‍, ആല്‍ക്കഹോളിന്റെ വീര്യം അളക്കുന്ന ഉപകരണം വാങ്ങിയതിന്റെ ബില്‍ എന്നിവയും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാളെ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ കൂളിമുട്ടം കൂനിയാറ വീട്ടില്‍ നിതേഷ് റിമാന്റിലാണ്. എക്സൈസ് ഉദ്യോഗസ്ഥരായ എം.ആര് നെല്‍സണ്‍, ടി.ആര് സുനില്‍, ,അബ്ദുല്‍ജബ്ബാര്‍, പി.ആര് സുനില്‍ കുമാര്‍, പി.കെ അബ്ദുള്‍ നിയാസ്, ടി.എസ് സുനില്‍, കെ.എം പ്രിന്‍സ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."