കൃഷിയുമ്മയുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് ടി.എന്‍ പ്രതാപന്‍
വാടാനപ്പള്ളി : തളിക്കുളമെന്ന ഗ്രാമത്തില്‍ ഏഴ് പതിറ്റാണ്ടുകാലം മണ്ണിനും പ്രകൃതിക്കും കൃഷിക്കും വേണ്ടി മാത്രം സമര്‍പ്പിച്ച കൃഷിയുമ്മയുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ടി.എന്‍ പ്രതാപന്‍.
ജീവിത കാലം മുഴുവന്‍ കൃഷിക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച കൃഷിയുമ്മ തളിക്കുളത്തുകാര്‍ക്ക് കൃഷി രീതികള്‍ പറഞ്ഞുകൊടുത്തും കൃഷി ചെയ്യിപ്പിച്ചും മാതൃക കാണിച്ച മഹത് വ്യക്തിത്വത്തിനുടമയുമാണ്. താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ അനുയോജ്യമായ ജൈവ പച്ചക്കറികൃഷി ചെയ്തു നൂറുമേനി വിളയിച്ച കൃഷിയുമ്മയുടെ സ്മരണ നിലനിറുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
തളിക്കുളം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ഹരിത ഗ്രാമം മൂന്നാം ഘട്ട പദ്ധതി ഉദ്ഘാടനവും കൃഷിയുമ്മ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ചിങ്ങം ഒന്നു മുതല്‍ പതിമൂന്ന് വാര്‍ഡുകളില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറികൃഷി ചെയ്ത കര്‍ഷകരെ മണ്‍ ചട്ടിയും മണ്‍ കലവും നല്‍കി ആദരിച്ചു. വാര്‍ഡിലെ ഏറ്റവും മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഷമീന മജീദിന് 'കൃഷിയുമ്മ സ്വര്‍ണ്ണ മോതിരം' നല്‍കി ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എസ് സുല്‍ഫീക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി ഷൈന്‍, എ.ടി നേ, സുമന ജോഷി, പി.കെ കാസിം, എന്‍.എം ഭാസ്‌കരന്‍, എന്‍. മദനമോഹനന്‍, കെ.കെ ശൈലേഷ്, എ.എം റഫീഖ്, ഇ.കെ ബഷീര്‍, കുല്‍സു സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും ജൈവ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കൃഷിയുമ്മ സ്മരണാര്‍ത്ഥം നാളെ വാര്‍ഡ് പതിനഞ്ചിലെ കൃഷിയുമ്മ വസതിയില്‍ വെച്ചു ആയിരം ഭവനങ്ങളിലേക്ക് ജൈവ പച്ചക്കറി തൈ വിതരണവും ഹരിത സമൃദ്ധി ചിങ്ങാഘോഷവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."