കള്ളക്കേസില്‍ കുടുങ്ങിയ അഞ്ചു മലയാളികള്‍ നാടണഞ്ഞു
റിയാദ്: കള്ളക്കേസില്‍ കുടുങ്ങിയ അഞ്ചു മലയാളികള്‍ നാട്ടിലെത്തി. കേസിനെ തുടര്‍ന്ന് നാട്ടിലേക്കു പോകാന്‍ കഴിയാതെ ദുരിതത്തിലായ തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ നജീബ്, ഷമീം, നസീര്‍, ശരീഫ്, സജി എന്നിവരാണ് ഒടുവില്‍ നാട്ടിലേക്ക് യാത്രയായത്.
തബൂക്കിലെ കോഫി ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഒരു വര്‍ഷത്തോളം ശമ്പളം കിട്ടാതെ വലഞ്ഞു. പൊതുമാപ്പില്‍ നാട്ടിലേക്കു പോകാന്‍ നടപടികള്‍ ആയപ്പോഴാണ് ഇവര്‍ക്കെതിരെ സ്പോണ്സര് പൊലിസില്‍ കേസ് കൊടുത്തത്.
കോഫി ഷോപ്പിലെ കോഫി മേക്കറും സിസിടിവി ക്യാമറയും നശിപ്പിച്ചുവെന്നും തനിക്ക് സംഭവിച്ച നഷ്ട തുകയായ ഒരു ലക്ഷത്തി അറുപതിനായിരം റിയാല്‍ ഇവരില്‍ നിന്നും ഈടാക്കാതെ നാട്ടില്‍ വിടരുതെന്നുമായിരുന്നു കേസ്. നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു നാട്ടില്‍ പോകാന്‍ കഴിയില്ലെന്നും കേസ് ഉണ്ടെന്നുമുള്ള വിവരം ഇവര്‍ അറിഞ്ഞത് .
ഒരു വര്‍ഷം മുന്‍പ് തബൂക്കില്‍ എത്തിയ ഇവര്‍ക്ക് ഇഖാമയോ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. 8 മാസമായിട്ടും സ്പോണ്സര് ശമ്പളം കൊടുക്കാതായപ്പോള്‍ നാട്ടിലേക്ക് പോകണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും അതിനും സ്പോണ്സര് തയ്യാറായിരുന്നില്ല.
ഇതിനിടക്കാന് പൊതുമാപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാട്ടില്പോകാന് ഫൈനല്‍ എക്സിറ്റ് ലഭിക്കുകയും പണം സംഘടിപ്പിച്ചു ടിക്കറ്റ് എടുത്തു നാട്ടില്‍ പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കേസ് ഉണ്ടെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ വഴിയാണ് തങ്ങള്‍ കള്ളക്കേസില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തകര്‍ പൊലിസുമായി ബന്ധപ്പെട്ടു കുരുക്കഴിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."