സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് മാറ്റിവയ്ക്കണമെന്ന് ഫസല്‍ ഗഫൂര്‍
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് ഘടന സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലും കേസ് 21ന് സുപ്രിംകോടതി പരിഗണിക്കുന്നതിനാലും രണ്ടാംഘട്ട അലോട്ട്‌മെന്റ് മാറ്റിവയ്ക്കണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസ് അന്തിമവിധിക്കായി പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോവുന്നത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മിഷണര്‍ എന്നിവര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള നിക്ഷേപം, ബാങ്ക് ഗ്യാരണ്ടി എന്നിങ്ങനെ ഹൈക്കോടതി സ്റ്റേ ചെയ്ത മൂന്ന് പ്രധാന വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കണമെന്ന് ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. റദ്ദാക്കിയ വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ചാലേ കരാറുമായി മുന്നോട്ടുപോകൂ.
ഇക്കാര്യം ചൂണ്ടിക്കാട്ടി എം.ഇ.എസും കാരക്കോണം മെഡിക്കല്‍ കോളജും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് ഗ്യാരണ്ടിക്ക് പകരം ബോണ്ട് പ്രായോഗികമല്ല.
ഫീസ് വിദ്യാര്‍ഥി നല്‍കാത്ത പക്ഷം ബാങ്ക് നല്‍കാമെന്ന വാഗ്ദാനമാണ് ബാങ്ക് ഗ്യാരണ്ടി, എന്നാല്‍ ബോണ്ട് വിദ്യാര്‍ഥിയും രക്ഷിതാവും മാത്രം ഒപ്പിട്ടു നല്‍കുന്നതാണ്.
വിദ്യാര്‍ഥികള്‍ ഇടക്കുവച്ച് പഠനം നിര്‍ത്തിപ്പോവുന്ന ഘട്ടത്തില്‍ മാനേജ്‌മെന്റിന് സംഭവിക്കാവുന്ന ഫീസ് നഷ്ടം കണക്കിലെടുത്ത് ബാങ്ക് ഗ്യാരണ്ടിയോ ഡെപ്പോസിറ്റോ ആവശ്യപ്പെടാമെന്ന് ഇസ്‌ലാമിക് അക്കാദമി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."