446 ഏക്കര്‍ സ്വകാര്യവനം നിക്ഷിപ്ത വനമാക്കി
കല്‍പ്പറ്റ: പശ്ചിമഘട്ട മേഖലയിലെ 446.1156 ഏക്കര്‍ സ്വകാര്യവനം നിക്ഷിപ്ത വനമാക്കി ഉത്തരവിറങ്ങി.
വയനാട് വൈത്തിരി താലൂക്കില്‍ മൂപ്പൈനാട്, കോട്ടപ്പടി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊഡാര്‍ പ്ലാന്റേഷന്റെ കൈവശമുള്ള 170.35 ഏക്കര്‍ (68.9416 ഹെക്ടര്‍), വെള്ളരിമല വില്ലേജിലെ ട്രാന്‍സേഷ്യന്‍ ഷിപ്പിങ് സര്‍വിസ് ലിമിറ്റഡ് (ഡംഡം എസ്റ്റേറ്റ്) കൈവശമുള്ള 59.7 ഏക്കര്‍ (24.18 ഹെക്ടര്‍), സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഇരുളം വില്ലേജിലെ പാമ്പ്ര കോഫീ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 216 ഏക്കര്‍ (87.4214 ഹെക്ടര്‍) അടക്കമുള്ള സ്വകാര്യ വനഭൂമിയാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി നിക്ഷിപ്ത വനമാക്കിയത്.
2012ല്‍ അന്നത്തെ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന പി. ധനേഷ്‌കുമാര്‍, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍-ആര്‍), ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വേ, അസിസ്റ്റന്റ് ഡയറക്ടര്‍ (വനം മിനി സര്‍വേ), ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച മള്‍ട്ടി ഡിപാര്‍മെന്റ് ടീമും സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അബ്ദുല്‍ അസീസിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സര്‍വേ സൂപ്രണ്ട് സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ത്വരിതഗതിയില്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വന്‍കിട എസ്റ്റേറ്റുകള്‍ വളരെക്കാലമായി കൈയടക്കി വച്ചിരുന്ന സ്വകാര്യ വനഭൂമിയാണ് ഇപ്പോള്‍ നിക്ഷിപ്ത വനമായി വിജ്ഞാപനമിറക്കിയത്.
അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍, നിക്ഷിപ്ത വനം കസ്റ്റോഡിയന്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ നടപടികളും മറ്റ് പ്രവര്‍ത്തനങ്ങളും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."