ദലിതാനുകമ്പയിലുമുണ്ട് കക്ഷിരാഷ്ട്രീയം
നാട്ടില്‍ ദലിതര്‍ ആക്രമണത്തിനും പീഡനങ്ങള്‍ക്കുമൊക്കെ ഇരകളാകുന്നതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ വലിയ പ്രതിഷേധവും വേദനയുമുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ സഭയില്‍ പ്രമേയം പാസാക്കാനൊന്നും സര്‍ക്കാര്‍ തയാറല്ല. പ്രത്യേകിച്ച്, പ്രമേയം കൊണ്ടുവരുന്നതു പ്രതിപക്ഷാംഗമാകുമ്പോള്‍. ഇന്നലെ അന്‍വര്‍ സാദത്ത് ഈ വിഷയത്തില്‍ കൊണ്ടുവന്ന അനൗദ്യോഗിക പ്രമേയം അക്കാരണത്താല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രമേയത്തിന്മേലുള്ള ചര്‍ച്ച രാഷ്ട്രീയാരോപണ പ്രത്യാരോപണങ്ങളിലേക്കു തെന്നിമാറി.
സര്‍ക്കാരിനെതിരേ ഒളിയമ്പുകള്‍ നിറഞ്ഞതായിരുന്നു അന്‍വര്‍ സാദത്തിന്റെ പ്രമേയം. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചുവരികയാണെന്ന് അന്‍വര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്തരം നിരവധി അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മിഷന്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിന്റെ പ്രസംഗം ഒരു മന്ത്രിയുടെ ഭര്‍ത്താവ് പട്ടികജാതിക്കാരിയായ പാര്‍ട്ടിപ്രവര്‍ത്തകയെ മര്‍ദിച്ചെന്ന ആരോപണത്തിലേക്കും തലശ്ശേരിയില്‍ ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തിലേക്കും കടന്നപ്പോള്‍ ഭരണപക്ഷത്തുനിന്ന് എം. സ്വരാജ് ഇടപെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കംചെയ്യണമെന്നായി സ്വരാജ്. എന്നാല്‍, താന്‍ അങ്ങനെ സംഭവിച്ചെന്നു പറഞ്ഞില്ലെന്നും പത്രങ്ങളില്‍ വാര്‍ത്ത വന്നെന്നു മാത്രമാണു പറഞ്ഞതെന്നും അന്‍വര്‍ സാദത്ത് മറുപടി നല്‍കി.
പ്രമേയത്തിനു ഭേദഗതി കൊണ്ടുവന്ന എസ്. ശര്‍മയും വിട്ടുകൊടുത്തില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തു ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായിരുന്നെന്നും ദലിതര്‍ക്കു മുന്‍ സര്‍ക്കാരിന്റെ കാലത്തു നീതി ലഭിച്ചില്ലെന്നുമൊക്കെയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്നു ശര്‍മ പറഞ്ഞു. തുടര്‍ന്ന്, ചര്‍ച്ചയില്‍ പങ്കെടുത്ത വി.പി സജീന്ദ്രന്‍ വിനായകന്റെ ആത്മഹത്യയുടെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൊലിസുകാര്‍പോലും ദലിതരെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്ന അവസ്ഥ സംസ്ഥാനത്തുണ്ടെന്നു മന്ത്രി എ.കെ ബാലന്‍ പറഞ്ഞിട്ടുണ്ടെന്നു പി. ഉബൈദുല്ല. ജോഗി എന്ന ആദിവാസിയെ പൊലിസ് വെടിവച്ചു കൊന്നത് എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്താണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ സവര്‍ണര്‍ ഭക്ഷണം കഴിച്ച ഇലയില്‍നിന്നു ദലിതര്‍ ഭക്ഷണം കഴിക്കുന്ന ആചാരമുണ്ടെന്നും പറഞ്ഞു ബി. സത്യന്‍ തിരിച്ചടിച്ചു.
പ്രതിപക്ഷത്തെ ആക്രമിക്കാന്‍ ഭരണപക്ഷത്തുനിന്നു സി.കെ ശശീന്ദ്രനും സി.കെ ആശയുമൊക്കെ സത്യനോടൊപ്പം ചേര്‍ന്നപ്പോള്‍ ചര്‍ച്ച കക്ഷിരാഷ്ട്രീയ ചേരിതിരിവിലെത്തി. പട്ടികവിഭാഗങ്ങളുടെ സമഗ്രക്ഷേമത്തിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനാല്‍ പ്രമേയം പരിഗണിക്കേണ്ടതില്ലെന്നു ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയരുന്നതിലുള്ള ആശങ്ക നിറഞ്ഞതായിരുന്നു ബിജിമോള്‍ കൊണ്ടുവന്ന പ്രമേയമെങ്കിലും അതിന്മേലുള്ള ചര്‍ച്ചയുടെ ഊഷ്മാവ് കാര്യമായി ഉയര്‍ന്നില്ല. അതു മനസ്സിലാക്കിയാവണം, ഇങ്ങനെ വിരസമായ അന്തരീക്ഷത്തിലല്ല ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതെന്നും ഗൗരവത്തോടെയുള്ള ചര്‍ച്ച നടക്കണമെന്നും കെ.എം ഷാജി.
ചര്‍ച്ചയില്‍ പങ്കെടുത്ത ഇ.കെ വിജയന്‍, സി.കെ ശശീന്ദ്രന്‍ തുടങ്ങിയവരൊക്കെ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം സ്ഥാപിക്കുകയും ഒരു കോടി വൃക്ഷത്തൈ നടല്‍ പദ്ധതി നടപ്പാക്കുകയുമൊക്കെ ചെയ്തതിനാല്‍ ഈ പ്രമേയം പരിഗണിക്കേണ്ടതില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മറുപടി നല്‍കി.
തൊഴില്‍ സുരക്ഷിതത്വമില്ലാത്ത ഐ.ടി മേഖലയിലെ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ചായിരുന്നു കെ.എസ്. ശബരീനാഥന്റെ പ്രമേയം. ഈ മേഖലയില്‍ ഫോണ്‍കോള്‍ വഴിപോലും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. പെര്‍ഫോമന്‍സ് റേറ്റിങിന്റെ പേരു പറഞ്ഞാണു പിരിച്ചുവിടല്‍. എന്താണ് ഈ റേറ്റിങിന്റെ മാനദണ്ഡമെന്നും ഐ.ടി മേഖലയിലെ തൊഴില്‍നിയമങ്ങള്‍ എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞപ്പോള്‍, ആ മേഖലയില്‍ തൊഴില്‍ നിയമമുണ്ടോയെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം.
ഈ സ്ഥിതി അവിടെ മാത്രമല്ല കോര്‍പറേറ്റ് ഭീമന്മാര്‍ നടത്തുന്ന മാധ്യമങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളിലുമുണ്ടെന്നു വി.ടി ബല്‍റാം. ന്യൂസ് 18 ചാനലില്‍നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഒരു ദലിത് വനിത ആത്മഹത്യക്കു ശ്രമിച്ചത് ഇതിനു തെളിവാണെന്നും ബല്‍റാം. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേയുള്ളതായിരുന്നു മുരളി പെരുനെല്ലി കൊണ്ടുവന്ന പ്രമേയം. ഈ പ്രമേയങ്ങളും അംഗീകരിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."