എന്ജിന് തകരാര്‍: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എട്ട് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എട്ട് വിമാനങ്ങള്‍ക്ക് എന്ജിന് തകരാര്‍. ഇതിനെത്തുടര്‍ന്ന് 84 സര്‍വിസുകള്‍ ഇന്നലെ റദ്ദാക്കി.
സര്‍വിസുകള്‍ മുടങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ യാത്രചെയ്യാനുള്ള സൗകര്യം വിമാനക്കമ്പനി ഏര്‍പ്പെടുത്തി.
യുനൈറ്റഡ് ടെക്നോളജീസിന്റെ പ്രാറ്റ് ആന്റ് വൈറ്റ്നി നിര്‍മിക്കുന്നതാണ് ഇന്‍ഡിഗോയുടെ എന്‍ജിനുകള്‍. തകരാര്‍ കാരണം ഇന്‍ഡിഗോയ്ക്കും ഗോ എയറിനും വിമാനങ്ങള്‍ നല്കുന്നതില് കാലതാമസം ഉണ്ടാകുന്നുണ്ട്.
എന്ജിന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പ്രാറ്റ് ആന്റ് വൈറ്റ്നി ഇന്‍ഡിഗോയ്ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.
എന്ജിന് പ്രശ്നം തുടരുന്നതിനാല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത് നിര്‍ത്തലാക്കിയേക്കും. പകരം എന്ജിന് സ്ഥാപിക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് ഇന്‍ഡിഗോ കമ്പനി പ്രസിഡന്റ് ആദിത്യഘോഷ് അറിയിച്ചു.
സ്പെയര്‍പാര്‍ട്സുകള്‍ ലഭിക്കാത്തത് തകരാറുകള്‍ പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൃത്യമായി സര്‍വിസ് നടത്താന്‍ കഴിയാത്തത് കമ്പനിയെ സംബന്ധിച്ചിടത്തോളം അസംതൃപ്തിയുണ്ടാക്കുന്നുണ്ടെന്ന് ആദിത്യഘോഷ് പറഞ്ഞു.
എന്ജിന് തകരാര്‍ കാരണം രണ്ടു മാസത്തിനിടയില്‍ 667 സര്‍വിസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."