ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പുതിയ പദവിയിലേക്ക്
പാലക്കാട്: ജില്ലയില്‍ രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പഞ്ചായത്ത് ഡയറക്ടറായി അടുത്ത ആഴ്ച്ച ചുമതലയേല്‍ക്കും. 2015 മാര്‍ച്ച് രണ്ടിനാണ് ജില്ലയിലെ 43ാമത്തെ കലക്ടറായി ചുമതലയേറ്റത്. ജില്ലയില്‍ 2001 ജൂണ്‍ 17മുതല്‍ 2002 ജൂണ്‍ 17 വരെ ഒരു വര്‍ഷം ജില്ലാ കലക്ടറായിരുന്ന ഉഷാ ടൈറ്റസിന് ശേഷം ജില്ലയിലെ രണ്ടാമത്തെ വനിതാ കലക്ടറായിരുന്നു.
അട്ടപ്പാടിയിലായാലും പറമ്പിക്കുളത്തായാലും പ്രാദേശികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ സ്ഥലത്തെത്തി പ്രശ്‌നപരിഹാരമുണ്ടാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന പ്രവര്‍ത്തന ശൈലിയാണ് കലക്ടര്‍ക്ക് ജനകീയ പ്രതിച്ഛായ നല്‍കിയത്. കോയമ്പത്തൂര്‍ ദേശീയപാതയിലെ ടോള്‍ പിരിവ്, ഗോവിന്ദാപുരം അംബേദ്കര്‍ കോളനി, സ്വകാര്യ എന്‍ജിനിയറിങ് കോളജ് മാനെജ്‌മെന്റും വിദ്യാര്‍ഥികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ വിഷയങ്ങള്‍ രൂക്ഷമാകാതിരുന്നത് കലക്ടറുടെ കൃത്യസമയത്തുള്ള നയപരമായ ഇടപെടല്‍ മൂലമായിരുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൃഷി ഭൂമിയില്‍ അനധികൃത ചെങ്കല്‍ ചൂള നിര്‍മാണം വ്യാപകമാവുന്നത് തടയാന്‍ കഴിഞ്ഞു. റവന്യൂ റിക്കവറി നടപടികള്‍ ഊര്‍ജിതമാക്കിയതും ഈ കാലയളവിലാണ്.
മഴക്കുറവ് മൂലം ജില്ലയില്‍ വേനല്‍ ഏറ്റവും കടുത്ത വര്‍ഷമായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലക്ക് ഉള്‍ക്കാഴ്ച്ചയോടെ എടുത്ത മുന്നൊരുക്കങ്ങളായിരുന്നു. അനധികൃത കുഴല്‍ കിണറുകള്‍ നിയന്ത്രിക്കുന്നതിലും വന്‍കിട കമ്പനിയുടെ ജലചൂഷണം തടയുന്നതിലും ഡാമുകളുടെ ജലക്രമീകരണത്തിലൂടെ കുടിവെള്ളം ഉറപ്പാക്കുന്നതിലും വിജയിച്ചു. മലമ്പുഴ ഡാമിലെ വെള്ളത്തില്‍ കോളിഫോം ബാക്റ്റിരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് അണക്കെട്ട് പ്രദേശത്ത് വര്‍ഷങ്ങളായി നടക്കുന്ന കന്നുകാലി മേയ്ക്കല്‍ നിരോധിച്ച് കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്ന് ഡാം സുരക്ഷയും പകര്‍ച്ചവ്യാധി പ്രതിരോധവും വിജയകരമായി നടപ്പാക്കി.
ഐ.ഐ.ടി കാംപസിന് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലമേറ്റെടുപ്പ് നടത്തിയത് ശ്രദ്ധേയമായി. ഗെയില്‍ പൈപ്പ് ലൈനിനായുള്ള സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്തിയതും ഈ കാലയളവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."