ഗൊരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: രാഹുലിനോട് യോഗി
ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പൂര്‍ സന്ദര്‍ശനത്തെ പരോക്ഷമായ് പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പൂര്‍ ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നാണ് യോഗി പറഞ്ഞത്. രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയാണ് യോഗിയുടെ പരിഹാസം. സ്വച്ഛ് ഉത്തര്‍പ്രദേശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളുടെ മരണത്തില്‍ പ്രതിഷേധം തണുപ്പിക്കാനാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ശുചിത്വ പരിപാടിയ്ക്ക് നേരിട്ടിറങ്ങിയത്. ഓഗസ്റ്റ് 20 മുതല്‍ 25 വരെ സ്വച്ഛ് ഉത്തര്‍പ്രദേശ് എന്ന പേരിലാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്റെ പ്രാധാന്യം മനസിലാകില്ലെന്നും യോഗി പരിഹസിച്ചു.
മസ്തിഷ്ക ജ്വരത്തിനെതിരായ ശക്തമായ നടപടികളുമായി ഞാന്‍ മുന്നോട്ട് പോവുകയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ആദ്യം വേണ്ടത് ശുചിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗൊരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമര്‍ശം.
അതേസമയം ദുരന്തത്തിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകളില്‍ കെട്ടിവെക്കാനാണ് യോഗി ശ്രമിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടിയാണ് ഭരിച്ചത്. സര്‍ക്കാര്‍ ഓഫിസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും യോഗി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."