അവരിപ്പോഴും പത്രം വിറ്റ് ജീവിക്കുന്നു
ഒരിക്കല്‍മാത്രം പൂക്കുകയും ഒരു ഫലം മാത്രം തരികയും ചെയ്യുന്ന പല ജീവിതങ്ങളുണ്ട് നമുക്കു ചുറ്റും. ഇവിടെയിതാ ഒരായുസു മുഴുവന്‍ പൂക്കുകയും നിരന്തരം ഫലങ്ങള്‍ തരികയും ചെയ്യുന്നൊരു മഹിളാരത്‌നം. നമുക്കവരെ സിസിലിയെന്നു വിളിക്കാം. സിസിലിയുടെ ജീവിതം വലിയ സൈദ്ധാന്തിക വിചാരണകള്‍ ഒന്നും ആവശ്യമില്ലാതെത്തന്നെ നമുക്കൊരു വലിയ ഉത്തരം പറഞ്ഞുതരും. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീ ചരിത്രത്തില്‍ എങ്ങനെയാണ് ഇടപെട്ടുകൊണ്ടിരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം. ആ ഇടപെടലുകള്‍ എത്രമാത്രം ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും.
സിസിലി വിന്‍സെന്റ് വെറുമൊരു പേരല്ല. കേരളത്തിലെ കോടിക്കണക്കിനു വരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയാണിന്ന്. എല്ലാമുണ്ടായിട്ടും ഒറ്റപ്പെട്ടുപോകുകയും ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ അധ്വാനിച്ചു ജീവിതം പുലര്‍ത്തുകയും ചെയ്യുന്ന പെണ്‍കരുത്തിന്റെ മുഖം കാപട്യങ്ങളോ ചമയങ്ങളോ ഇല്ലാതെ സിസിലി കാണിച്ചുതരുന്നു. നമുക്കുചുറ്റും ഇത്തരത്തില്‍ എത്രയോ സിസിലിമാരുണ്ട്. പക്ഷെ നാം അവരെ കാണാറില്ലെന്നതാണു നേര്. അല്ലെങ്കില്‍ അവരെ കാണാനോ കാണിക്കാനോ ആരും മുതിരാറില്ല.
തൃശൂര്‍ നഗരത്തിലെ കടകളിലും തെരുവുകളിലും കയറിയിറങ്ങി ഒരു ബാഗും തൂക്കി പത്രങ്ങള്‍ വിറ്റാണ് സിസിലി ജീവിക്കുന്നത്. ചിലപ്പോഴൊക്കെ അവരെ തിരക്കൊഴിഞ്ഞ കടവരാന്തകള്‍ തൂത്തുവൃത്തിയാക്കുന്ന തൂപ്പുകാരിയായി കാണാം. ഇങ്ങനെ കിട്ടുന്ന ചെറിയ തുക സ്വരുക്കൂട്ടിയാണ് അവര്‍ ജീവിതത്തില്‍ മുന്നോട്ടു പുലരുന്നത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് സിസിലി വിന്‍സെന്റ് ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയത്. അതില്‍ പിന്നീടാണു പ്രാരാബ്ധങ്ങളോടു പടവെട്ടിയുള്ള പുതിയ ജീവിതത്തിനു തുടക്കമായത്. ഭര്‍ത്താവിന്റെ ഓര്‍മകള്‍ തരുന്ന കരുത്തില്‍ മക്കളുടെയൊന്നും തുണയില്ലാതെ തൃശൂര്‍ നഗരത്തിനടുത്ത് പട്ടിക്കാട് എന്ന ഗ്രാമത്തിലാണിപ്പോള്‍ താമസം. അറുപത്തിമൂന്നാം വയസിലും ഉള്ളിലെ പോരാട്ടവീര്യത്തിനു യാതൊരു വാര്‍ധക്യവും ബാധിച്ചിട്ടില്ല.
ഒറ്റയ്ക്കുള്ള ജീവിതം ഒരര്‍ഥത്തില്‍ പ്രതിഷേധമാണ്. ഒപ്പം നില്‍ക്കേണ്ടവര്‍ ജീവിതയാത്രയില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അകലങ്ങളിലേക്കു മാഞ്ഞപ്പോള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച ചുറ്റുപാടുകളോടുള്ള പ്രതിഷേധം. ജീവിച്ചു കാണിച്ചുകൊടുക്കണമെന്ന ഒരേയൊരു തീവ്രാഭിലാഷത്തെ ഊറ്റിയെടുത്താണ് സിസിലി ഇപ്പോള്‍ ജീവിക്കുന്നത്. നൃത്തം ചെയ്യുന്ന സ്വപ്നങ്ങളോ ആകാശത്തോളം പോന്ന മോഹങ്ങളോ ഒന്നുമില്ല ആ ജീവിതത്തില്‍.
അന്നം മുടങ്ങാതിരിക്കാന്‍ പലതരം തൊഴിലുകള്‍ ചെയ്യുമ്പോഴും സിസിലി ജീവിതം ആസ്വദിക്കുക തന്നെയാണ്. ചെറുപ്രായം തൊട്ടേ മനസില്‍ കൊണ്ടുനടന്ന കായികയിനങ്ങളിലൂടെയാണ് അവര്‍ ഇപ്പോള്‍ ജീവിതത്തെ താളാത്മകമാക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പ് ഷിംലയില്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ങഅഎക) സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ദേശീയ മത്സരത്തില്‍ സിസിലിയും പങ്കെടുത്തിരുന്നു. ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തെന്നു മാത്രമല്ല മെഡല്‍കൊയ്ത്തും നടത്തി. രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവുമാണ് അവര്‍ സ്വന്തമാക്കിയത്. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലും 100 മീറ്റര്‍ ഓട്ടത്തിലും ഒന്നാം സ്ഥാനവും 200 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി കേരളത്തിന്റെ അഭിമാനമായി പെണ്‍കരുത്തിന്റെ പുതിയ ഭാഷ്യം രചിക്കുകയായിരുന്നു അവര്‍. ഇതാദ്യമായല്ല ഇത്തരമൊരു വന്‍ കായികമാമാങ്കത്തില്‍ സിസിലി പങ്കെടുക്കുന്നതും നേട്ടങ്ങള്‍ കൈവരിക്കുന്നതും. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി തുടര്‍ച്ചയായി വിവിധ ദേശീയ മത്സരങ്ങളില്‍ സിസിലി കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നുണ്ട്.
35 വയസിനു മുകളില്‍ പ്രായമുള്ള കായിക പ്രതിഭകള്‍ക്കായി വ്യത്യസ്ത ഇനങ്ങളില്‍ സംഘടിപ്പിക്കുന്ന കായിക മാമാങ്കമാണ് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്. ഇത്തവണ ഏപ്രില്‍ 23 മുതല്‍ 27 വരെ ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ നടന്ന മത്സരത്തില്‍ 22 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 3000ത്തോളം കായികതാരങ്ങളാണു പങ്കെടുത്തത്. കഴിഞ്ഞ പത്തുവര്‍ഷവും ദേശീയ ചാംപ്യന്‍ഷിപ്പില്‍ ആദ്യ മൂന്നുസ്ഥാനങ്ങളില്‍ ഒന്ന് സിസിലിക്കു പറഞ്ഞതാണ്. ഇത്തവണ രണ്ടിനങ്ങളില്‍ സുവര്‍ണനേട്ടവും ഒരിനത്തില്‍ വെള്ളിത്തിളക്കവും ഉണ്ടാക്കാനായതിന്റെ ആഹ്ലാദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചാണ് ദേശീയ മത്സരത്തിനു യോഗ്യത നേടിയത്.
ഇനി അടുത്ത സെപ്റ്റംബറില്‍ ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പാണ് മുന്നിലുള്ള ലക്ഷ്യം. മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ട്രാക്കിലിറങ്ങുന്ന സിസിലിക്കു മുന്‍പില്‍ പക്ഷെ ഒത്തിരി കടമ്പകളുണ്ട്. മത്സരത്തിന്റെ ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അവര്‍. യാത്രാചെലവും പരിശീലന ചെലവുമായി വലിയൊരു തുക തന്നെ വേണ്ടിവരും. ഇതുവരെയും അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല.
ആരെങ്കിലും സഹായമായി എത്താതിരിക്കില്ലെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. രാജ്യത്തിനു പുറത്ത് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള അപൂര്‍വാവസരം കൈവിട്ടുപോകുമോയെന്ന ആശങ്കയുണ്ട്. എന്നാലും ആരും സ്‌പോണ്‍സര്‍ ചെയ്യാനില്ലെങ്കിലും പത്രം വിറ്റുകിട്ടുന്ന കാഷ് കൊണ്ട് ലണ്ടനിലേക്കു പറക്കുമെന്നു തന്നെയാണ് ഈ കായികതാരം ഉറച്ചുപറയുന്നത്.
പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ദേശീയ ചാംപ്യന്‍ പട്ടവുമായി തിരിച്ചെത്തിയ സിസിലി പതിവുപോലെ തൃശൂര്‍ നഗരത്തിലെ ജീവിതത്തിരക്കുകളുടെ ഭാഗമായി തുടരുന്നു. രാവിലെ നഗരത്തില്‍ പത്രക്കെട്ടുകളുമായി കടകളില്‍നിന്നു കടകളിലേക്കു നടക്കുന്നു. ആരോടും പരിഭവങ്ങളില്ലാതെ, ഭാവഭേദങ്ങളൊന്നുമില്ലാതെ.
സിസിലിയുടെ വാക്കുകള്‍ക്ക് ലേശം പരുഷതയുണ്ട്. വല്ലാത്തൊരു മുര്‍ച്ച തോന്നും അവര്‍ സംസാരിക്കുമ്പോള്‍. ചിരിയില്ലാത്ത മുഖത്ത് ഒളിപ്പിച്ചുവച്ച പോരാടാനുള്ള കരുത്ത് മൈലാഞ്ചിവഴികള്‍ പോലെ അത്ര കാല്‍പനികമല്ല. തീര്‍ത്തും പ്രതികൂലമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ സിസിലി ഇങ്ങനെയായിത്തീര്‍ന്നു എന്നതാണു നേര്.
മകന്‍ മാര്‍ട്ടിന്‍ സ്വന്തം കുടുംബവുമൊന്നിച്ച് മറ്റൊരിടത്താണു കഴിയുന്നത്. മകള്‍ ഷൈജിയും കുടുംബവുമൊത്തു ജീവിക്കുന്നു. പത്തു വര്‍ഷത്തോളമായി മക്കള്‍ക്ക് അമ്മയുമായി ബന്ധമില്ല. എന്നാലും ആ അമ്മയ്ക്കു പരാതിയൊന്നുമില്ല. ആരുടെയും സഹായത്തിനു കാത്തുനില്‍ക്കാറില്ല. ഒറ്റയ്ക്കു ജീവിക്കാനുള്ള കരുത്തും ശേഷിയും തന്നില്‍ മരണം വരെയുണ്ടാകുമെന്ന അടിയുറച്ച വിശ്വാസം അവര്‍ക്കുണ്ട്.
സ്ത്രീകള്‍ സര്‍ഗാത്മകപ്രക്രിയയില്‍ പിന്നിലാകുകയും ലോകം മുഴുക്കെ ശ്രദ്ധിക്കുന്ന പ്രതിഭകളുടെ പട്ടികയില്‍നിന്നു പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍, തോല്‍ക്കാനുള്ളതല്ല ജയിക്കാന്‍ മാത്രമാണു ജീവിതമെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുകയാണ് സിസിലി വിന്‍സെന്റ്. ആ ജീവിതം പകരുന്ന അതിജീവനസന്ദേശം മഹത്തരമാണ്. പ്രതീക്ഷിതവും അപ്രതീക്ഷിതവുമായി മുന്നില്‍ വന്നുപെടുന്ന ഇരുട്ടുകളില്‍ മുട്ടിനില്‍ക്കാതെ പ്രകാശങ്ങളിലേക്കു വഴിനടക്കാനാകണമെന്ന് സിസിലി ജീവിതം കൊണ്ടു പറഞ്ഞുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."