മറവികള്‍ക്കെതിരേ ഓര്‍മകളുടെ സമരപുസ്തകം
'ഇങ്ക്വിലാബ് ' എന്ന ഹംസ ആലുങ്ങലിന്റെ നോവല്‍, 'മറവി' ആഘോഷിക്കുന്നവര്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട 'സ്മരണ'കളുടെ ആവിഷ്‌കാരമാണ്. 'തന്മാത്ര' സിനിമകണ്ട് 'ഇതാണ് മറവി' എന്നു തെറ്റിദ്ധരിച്ചവരെ കൂടിയാണ് 'ഇങ്ക്വിലാബ് ' ശരിയുടെ സമരവഴിയിലേക്കു നയിക്കുന്നത്. വ്യക്തികള്‍ക്കു സംഭവിക്കുന്ന 'മറവിരോഗം' സൃഷ്ടിക്കുന്ന വേദന, മറ്റേതൊരു രോഗത്തെക്കാളും പീഡനാത്മകമാണ് എന്നുള്ളതു ശരിയാണ്. അതുകൊണ്ടുതന്നെ ഏത് കാന്‍സറിനെക്കാളും 'അംനേഷ്യ' എന്ന മറവിരോഗം മാരകമാണ്. മറ്റേതു രോഗത്തിലും ഏറ്റവും ചുരുങ്ങിയതു രോഗിക്കു സ്വന്തം അവസ്ഥ തിരിച്ചറിയാനാകും. പരിചരിക്കുന്നവരെ മനസിലാക്കാനാവും. എന്നാല്‍ 'ഡിമെന്‍ഷ്യ' എന്ന മറവിരോഗം 'മനസിലാക്കാനാകായ്മ'യുടെ ഒരജ്ഞാതലോകമാണ്. ബഹിരാകാശത്തിലെ തമോഗര്‍ത്തങ്ങളെപ്പോലെ അത് തിരിച്ചറിവുകളുടെ വെളിച്ചങ്ങളെ മാത്രമല്ല, 'തിരിച്ചറിയായ്മകളുടെ ഇരുട്ടുകളെയും' ഇല്ലാതാക്കും. പക്ഷേ അപ്പോഴും രോഗബാധിതരല്ലാത്തവര്‍ക്ക്, ഓര്‍മകളുള്ളതുകൊണ്ട് ബന്ധങ്ങളുടെ ലോകം ഇഴ പൊട്ടാതെ തളിര്‍ക്കും.
എന്നാല്‍ ഒരു സമൂഹത്തിനാകെ മറവിരോഗം ബാധിച്ചാല്‍ എന്തു സംഭവിക്കും? ആര് ആരെ ചേര്‍ത്തുപിടിക്കും? പുസ്തകം, കറന്റ് ബില്ല്, താക്കോല്‍ ഇവ സ്ഥാനം മാറിവച്ച് മറക്കുന്നത്, ഓര്‍മയുടെ നിഴലായി എന്നും ആധുനിക മനുഷ്യര്‍ക്കൊപ്പമുള്ള മറവിയാണ്. അതില്‍ ചിലതിനെ 'നിതാന്തശ്രദ്ധ' കൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞാലും, പുതിയതരം 'മറവികള്‍' ഓര്‍മയുടെയും കരുതലിന്റെയും വളര്‍ച്ചയ്‌ക്കൊപ്പം നമുക്കൊപ്പമുണ്ടാകും! ഒരുപാട് കാര്യങ്ങള്‍ തിരക്കിട്ടു ചെയ്യുമ്പോള്‍ വേഗത കുറയ്ക്കാന്‍ മനസ് നടത്തുന്ന അത്തരം 'മറവി'കളെക്കുറിച്ച് അനാവശ്യമായി വ്യാകുലമാകുന്നവര്‍പോലും, ഒരു സമൂഹത്തിന്റെ ജനാധിപത്യ നിലനില്‍പിനെത്തന്നെ അസാധ്യമാക്കുന്ന 'മറവികളെ' അലസമായി കാണുന്നതാണ് ഏറ്റവും അപകടകരം. ആദ്യത്തേത് സാധാരണതരത്തിലുള്ള, പരിഹരിക്കാവുന്ന മറവിയാണെങ്കില്‍ രണ്ടാമത്തേത് ഒരു സമൂഹം രാഷ്ട്രീയ പ്രബുദ്ധതയുടെ ക്ലേശകരമായ വഴികളിലേക്കു കടക്കുന്നില്ലെങ്കില്‍ ഒരു വിധേനയും പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്.
ഒരു കാര്യം മറന്നുപോകുമ്പോള്‍ നമ്മളനുഭവിക്കുന്ന സംഘര്‍ഷവും സങ്കടവും സത്യത്തില്‍ സ്മരണകളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനു മനസ് നല്‍കുന്ന വിലയാണ്. എന്നാല്‍ വ്യത്യസ്ത തരത്തിലുള്ള അധികാരശക്തികള്‍ ജീവിതത്തെ ശരിക്കുള്ള മനുഷ്യജീവിതം തന്നെയാക്കിത്തീര്‍ത്ത മഹാശരികളെ ബോധപൂര്‍വം മായ്ച്ചുകളഞ്ഞു സൃഷ്ടിക്കുന്ന 'സംഘമറവി' ഒരുവിധത്തിലും വ്യക്തിഗത മറവിയുടെ തുടര്‍ച്ചയല്ല. 'മായ്ച്ചുകളയല്‍' ജനങ്ങളുടെ ഓര്‍മകളില്ലാതാക്കാനും അതുവഴി സര്‍വ പ്രതിരോധങ്ങളുടെയും വഴികളൊക്കെയടച്ചു കളയാനും വേണ്ടി അധികാരം ആസൂത്രിതമായി നിര്‍വഹിക്കുന്ന വിധ്വംസക പ്രവര്‍ത്തനമാണ്.
യുവ എഴുത്തുകാരില്‍ ശ്രദ്ധയര്‍ഹിക്കുന്ന ഹംസ ആലുങ്ങലിന്റെ 'ഇങ്ക്വിലാബ് ' മായ്ച്ചുകളയലിലൂടെ അധികാരം സ്വന്തം താല്‍പര്യം ഭദ്രമാക്കാന്‍ കൃത്രിമമായി നിര്‍മിക്കുന്ന മറവിക്കെതിരേ ഓര്‍മകള്‍ നയിക്കുന്ന ഉജ്ജ്വലസമരത്തിന്റെ സത്യസൗന്ദര്യങ്ങളുടെ സമന്വയമാണ്. നിലമ്പൂരിന്റെ ചോരപടര്‍ന്ന ചെറുത്തുനില്‍പ്പാണ് 'ഇങ്ക്വിലാബി'ല്‍ ചങ്ങലകള്‍ പൊട്ടിക്കുന്നത്. 'ഇങ്ക്വിലാബി'ലെ പ്രധാന കഥാപാത്രമായ കുഞ്ഞിപ്പയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ജന്മിത്വത്തിനെതിരേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സമരങ്ങളുടെ 'മുഷ്ടിചുരുട്ടുന്ന' കഥയാണ് നോവലില്‍ കുതിപ്പിന്റെ കൊടിപിടിക്കുന്നത്.
തോല്‍ക്കാന്‍ മനസില്ലാത്തവരുടെ ആത്മത്യാഗമാണ് നോവലില്‍ ഇരമ്പിമറിയുന്നത്. ഒരര്‍ഥത്തില്‍ 'സ്മരണ' സമരം കൂടിയാകുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമാണ് 'ഇങ്ക്വിലാബ് '. സ്വന്തം സര്‍ഗപ്രവര്‍ത്തനങ്ങളിലൂടെ, സജീവസാംസ്‌കാരിക സാന്നിധ്യമായി മാറിയ ഹംസ ആലുങ്ങലിന് എഴുത്ത് ഒരൊത്തുതീര്‍പ്പല്ല, ഒഴിഞ്ഞുമാറാനാകാത്ത എതിരിടലാണ്. 'ഇങ്ക്വിലാബ് ' എന്ന നോവല്‍ ആ അര്‍ഥത്തില്‍ പകുക്കുന്നത് ഒരെതിരെഴുത്തിന്റെ വീര്യമാണ്. സര്‍വചൂഷണങ്ങള്‍ക്കുമെതിരേ നിവര്‍ന്നുനിന്നു പൊരുതിയ ധീരരക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക്, ഇപ്പോഴും പൊരുതുന്നവര്‍ സമര്‍പ്പിക്കുന്ന ആത്മാഭിവാദ്യമാണ് 'ഇങ്ക്വിലാബ് '. ഇനി നമ്മള്‍ വിളിക്കുന്ന ഇങ്ക്വിലാബില്‍ ഹംസ ആലുങ്ങലിന്റെ 'ഇങ്ക്വിലാബും' കൂടി മുഷ്ടി ചുരുട്ടുന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."