നാം വെളിച്ചത്തില്‍ തപ്പുന്നു എന്നതാണ് പ്രതീക്ഷ
ജനാധിപത്യത്തിന്റെ ഉത്സവം തെരഞ്ഞെടുപ്പായിരുന്നു നമുക്കു സമീപകാലം വരെ. പൂരങ്ങളും നേര്‍ച്ചകളും പെരുന്നാളുകളും ജനിതക ഘടനയില്‍ കലര്‍ന്ന ജനതയാണു നാം. അതുകൊണ്ട് ഉത്സവ പ്രതീതിയിലേക്കു വേഗത്തിലാകൃഷ്ടരാകുന്നതും നമ്മുടെ സ്വഭാവ വിശേഷം. അഞ്ചഞ്ചു കൊല്ലം തോറും നടത്തിവരാറുള്ള തെരഞ്ഞെടുപ്പുത്സവത്തിന്റെ ഉല്ലാസങ്ങളെ മുഴുവന്‍ ചോര്‍ത്തുന്ന വിധത്തില്‍ നമ്മുടെ ജനാധിപത്യം പ്രതിസന്ധിയിലായിരിക്കുന്നു ഇപ്പോള്‍. ജനാധിപത്യത്തിന്റെയും മതനിരപേക്ഷമായ ചേര്‍ച്ചയുടെയും ജീനുകളെ വര്‍ഗീയതയുടെയും വെറുപ്പിന്റെയും ജീനുകള്‍ പകരം വച്ചിരിക്കുന്നു. രോഗം കൂടുതല്‍ തീവ്രതയോടെ പടരുകയാണ്. ഒരിക്കല്‍ വിഭജിക്കപ്പെട്ട രാജ്യം മറ്റൊരു ധ്രുവീകരിക്കപ്പെട്ട യാഥാര്‍ഥ്യമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോഴാണു പോയവാരം കോഴിക്കോട്ട് 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' എന്നൊരു തുടക്കം. ദൂരെനിന്നു നോക്കിയ ഒരാളെന്ന നിലക്ക് അതു പുതിയൊരു രാഷ്ട്രീയ ജാഗ്രതയുടെ സൂചനയായാണു തോന്നിയത്.
ഹിംസയെ പ്രാമാണിക രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കാനുള്ള തത്വവും പ്രയോഗവും നടപ്പാവുന്ന നാട്ടില്‍ ആശയസംവാദങ്ങളുടെ പൊതു ഇടങ്ങള്‍ നിരന്തരം വികസിച്ചുവരികയാണു വേണ്ടത്. നമ്മുടെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറം പോകാനാകാത്ത വെപ്രാളങ്ങളില്‍ പെട്ടുഴലുന്നു. പൊതുവേ ശുദ്ധവായു കൂടുതലുള്ള കേരളത്തില്‍ പോലും സംഘ്പരിവാരം നിര്‍ണയിക്കുന്ന അജന്‍ഡകള്‍ക്കനുസരിച്ചു ദുര്‍ബലമായ പ്രതിരോധത്തില്‍ കളിച്ചുതോല്‍ക്കുകയാണു രാഷ്ട്രീയ പാര്‍ട്ടികള്‍. വര്‍ഗീയതയ്‌ക്കെതിരേയുള്ള യഥാര്‍ഥ പ്രതിരോധം കായികമല്ലെന്നും ബൗദ്ധികമാണെന്നുമുള്ള പ്രാഥമിക രാഷ്ട്രീയതത്വം കോഴിക്കോട് കേരളത്തിനു മുന്നില്‍വയ്ക്കുകയാണു പോയ വാരം ചെയ്തിരിക്കുന്നത്. ഒപ്പം അത് എല്ലാവരെയും ഉള്‍ക്കൊള്ളാനാണ്, ആരെയും പുറന്തള്ളാനല്ല ശ്രമിച്ചതെന്നതും ഏറെ ആശാവഹമായി. എല്ലാ ഉത്സവങ്ങളുടെയും ശേഷം ആലസ്യമാണ്. ആലസ്യങ്ങളിലേക്കല്ല, ജനാധിപത്യത്തിനായുള്ള ഉത്സവങ്ങളെ കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കാണു കേരളീയര്‍ ഉത്സുകരാകേണ്ടത്. വൈവിധ്യങ്ങളെ കുറേക്കൂടി വിശാലമായി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഇത്തരം കൂട്ടായ്മകള്‍ വികസിച്ചുവരേണ്ടതുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ രൂപമെടുത്തു തുടങ്ങിയ മധ്യവര്‍ഗം ഭാവന ചെയ്തതാണ് ഇന്നത്തെ ഇന്ത്യ എന്നു പറയാം. ഉല്‍പാദനപരമായ ആധുനീകരണത്തോടൊപ്പം ജ്ഞാനശാസ്ത്രപരമായ വളര്‍ച്ചയും ആധുനിക ഇന്ത്യയെ ഭാവന ചെയ്‌തെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിലൂടെ വളര്‍ന്ന് ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാളിലെത്തി നില്‍ക്കുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്റെയും ജെ.എന്‍.യു, എച്ച്.സി.യു പോലുള്ള സര്‍വകലാശാലകളില്‍ ഇപ്പോഴും മുന്നേറുന്ന വൈജ്ഞാനിക-മാനവികതയുടെയും വളര്‍ച്ചയ്ക്കു ബദലായി വളര്‍ത്തപ്പെട്ട സനാതനധര്‍മങ്ങളുടെ ഒരു സമാന്തരധാര പണ്ടേയുണ്ടായിരുന്നു. നെഹ്‌റുവിന്റെയും അംബേദ്കറുടെയും ധിഷണാപരമായ ഔന്നത്ത്യത്തിനുമുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടു മാത്രമാണ് പാകിസ്താന്‍ പകുത്തുപോയപ്പോള്‍ ബാക്കിയായ ഇന്ത്യ അന്നു ഹിന്ദുരാഷ്ട്രമാകാതിരുന്നത്. സനാതനധര്‍മത്തിലൂന്നിയ ഹൈന്ദവ ദേശീയതയ്ക്ക് 150 കൊല്ലത്തെ വളര്‍ച്ചയും മൂപ്പുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനം കോര്‍പറേറ്റുകള്‍ക്ക് എളുപ്പം കടന്നുവരാവുന്ന തരത്തില്‍ അഴിമതി നിറഞ്ഞ ഒന്നായ ക്ഷീണത്തിലാണ്, സര്‍ദാല്‍ പട്ടേലും കൂട്ടരും പരാജയപ്പെട്ടിടത്ത് ഇപ്പോള്‍ അമിത്ഷായും കൂട്ടരും വിജയിക്കുന്നത്.
ദലിതരെ ബി.ജെ.പി തങ്ങളുടെ കൂടാരത്തിലേക്ക് ഗൗരവപൂര്‍വം ആകര്‍ഷിച്ചതിനെ കുറിച്ച് ആശിഷ് നന്ദി ഗുജറാത്ത് കലാപകാലത്തു നല്‍കിയ മുന്നറിയിപ്പ് ഒരു കാര്യം വ്യക്തമാക്കിയിരുന്നു. പിന്നോക്ക സമുദായങ്ങളുടെ പേശിബലം ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ഉപകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടായിരുന്നു അത്. ജനാധിപത്യം, മതേതരത്വം, മാനവികത തുടങ്ങിയ മഹത്തായ ആദര്‍ശങ്ങളെ കുറിച്ചു സംസാരിക്കുന്നവരെക്കാള്‍, കൈക്കരുത്തു കാട്ടാനും അതിലൂടെ നേട്ടങ്ങളുണ്ടാക്കാനുമുള്ള ക്ഷണവുമായി വരുന്നവരെയാണു പഠിപ്പും തൊഴിലുമില്ലാത്ത സാധാരണക്കാര്‍ സ്വീകരിക്കുക. അതുവരെ നിഷേധിക്കപ്പെട്ട സവര്‍ണതയുടെ സാമൂഹികതയിലേക്ക് തങ്ങള്‍ക്ക് അതോടെ പ്രവേശനം ലഭിക്കുന്നുവെന്നതും അവര്‍ക്കു പ്രേരണയായി വര്‍ത്തിക്കും. എതിര്‍ ചേരിയിലാകട്ടെ എല്ലാവര്‍ക്കും ഇടംകിട്ടുന്ന തരത്തിലുള്ള സംവാദമണ്ഡലങ്ങള്‍ ശോഷിക്കുകയാണുണ്ടായത്. മാനവരും അമാനവരുമായി പിരിയുന്ന സ്ഥിതി കേരളത്തില്‍ പോലുമുണ്ടായി. നമ്മുടെ പൊതുജീവിതം തന്നെ സ്വകാര്യമായ ചെറുലോകങ്ങളിലേക്ക് അപ്രത്യക്ഷമായതും നമ്മുടെ വായനാശാലകളും തൊഴിലിടങ്ങളും പൊതു ഇടങ്ങളുമെല്ലാം രാഷ്ട്രീയ സംവാദങ്ങളെ പുറന്തള്ളിയതും വിജയപരാജയങ്ങളുടെ മാത്രം കളിയും അധികാരത്തിനുള്ള ചൂതും മാത്രമായി രാഷ്ട്രീയം മാറിയതും സഹായക സാഹചര്യങ്ങളുമായി.
കക്ഷിരാഷ്ട്രീയത്തിനപ്പുറം ഫാസിസത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിക്കാനും സംവാദമണ്ഡലങ്ങള്‍ തുറക്കാനും ഭാവനാസമ്പന്നമായ കൂട്ടായ്മകളാണിനി വേണ്ടത്. രാജ്യത്തെ ദേശീയ രാഷ്ട്രീയ കക്ഷികളാകട്ടെ നിരന്തരമായ മൂല്യച്യുതിയും പരാജയങ്ങളും കാരണം പരിക്ഷീണിതമായി. ചെറുകക്ഷികള്‍ ലാഭം നോക്കി കൂറുമാറുന്നു. ജയിക്കുന്ന തെരഞ്ഞെടുപ്പിനേ വില കല്‍പ്പിക്കേണ്ടതുള്ളൂ, തോല്‍ക്കുന്ന സമരങ്ങള്‍ക്കു തങ്ങളില്ലെന്ന മട്ടില്‍ ന്യൂനപക്ഷ രാഷ്ട്രീയകക്ഷികള്‍ വരെ പെരുമാറുന്നു. ജനങ്ങളുടെ ഇച്ഛയും സ്വാതന്ത്ര്യാഭിവാഞ്ച്ഛയും ഇരുട്ടില്‍നിന്നു കരേറാനുള്ള മോഹവും ശക്തമാണ്. ഇരുട്ടിലല്ല വെളിച്ചത്തിലാണ് ഇപ്പോള്‍ മതേതര ഇന്ത്യ തപ്പിത്തടയുന്നത്. മോദിയോട് മത്സരിക്കുന്ന മറുമോദി എതിര്‍വശത്തില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലായാലും നൈതികതയുടെ രാഷ്ട്രീയ വ്യവഹാരങ്ങളിലായാലും ഇരുട്ടും വെളിച്ചവും തമ്മിലാണിപ്പോഴും പോര്.
പറയാനും പ്രവര്‍ത്തിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇല്ലാതാകാന്‍ പോകുന്നത്. വൈവിധ്യങ്ങളുടെ ഈ വലിയ രാജ്യത്തെ വൈകാരികമായി ഏകീകരിക്കാന്‍ ഒരു പൊതുശത്രു വേണം. ആ ശത്രു മുസ്‌ലിമാണ്. ഇപ്പോള്‍ സംഘടിപ്പിക്കപ്പെടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പത്തോ മുപ്പതോ കൊല്ലം കഴിഞ്ഞാകാം പ്രവര്‍ത്തിക്കുക. വരുന്ന കുറെ വര്‍ഷങ്ങള്‍ ഉറപ്പായും സംഘ്പരിവാറിന്റേതായിരിക്കും. പിടിച്ചുപറിക്കാരും കൊള്ളക്കാരുമായ ഇവര്‍ ഉറപ്പായും ക്ഷീണിക്കും. അപ്പോള്‍ അടിക്കാനുള്ള വടി ഒരുക്കാനുള്ള ശേഷി മാത്രമേ ഇപ്പോള്‍ ജനാധിപത്യവിശ്വാസികള്‍ക്കുള്ളൂ. വടി, അടി എന്നതൊക്കെ ആലങ്കാരിക പ്രയോഗങ്ങളാണ്. ജനാധിപത്യത്തിന്റെ ഭാഗമായുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും അഹിംസയില്‍ ഊന്നിയതായിരിക്കണം. അതുകൊണ്ടാണ് പ്രതിരോധം എന്ന വാക്കിനെക്കാള്‍ ആഘോഷം എന്ന വാക്കു പോലും ഉചിതമായി മാറുന്നത്. ഒരു ജനതയുടെ ആഘോഷത്തില്‍ വൈകാരികതയോടൊപ്പം ചിന്തയുമുണ്ട്. ആടിയും പാടിയും വരച്ചും കളിച്ചും തിമര്‍ക്കുന്നതോടൊപ്പം രാഷ്ട്രീയമായും സാംസ്‌കാരികമായുമുള്ള ചാഞ്ചല്യങ്ങള്‍ക്കെതിരേ വിചാരപ്പെടുകയും വേണം.
മുന്‍ കാലങ്ങളില്‍ ജനാധിപത്യ-മതേതര സദസുകളില്‍ പറഞ്ഞുകേട്ട ആര്‍.എസ്.എസ്സിന്റെ രഹസ്യ അജന്‍ഡ എന്ന വാക്കുപോലും ഇന്നില്ല. അജന്‍ഡകള്‍ മുഴുവന്‍ പരസ്യപ്പെട്ടുകഴിഞ്ഞു. മൂന്നു പ്രഥമ സ്ഥാനങ്ങളില്‍ പ്രഖ്യാപിത സ്വയംസേവകര്‍ കസേരയേറിയിരിക്കുന്നു. പശുഭക്തിയുടെ പേരിലുള്ള കൊലപാതകങ്ങളെ നിശിതമായി വിമര്‍ശിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്ധകാര ശക്തികളില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ പൗരന്മാരുടെയും മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രത അത്യാവശ്യമാണെന്നു പറഞ്ഞതോര്‍ക്കുക. രാഷ്ട്രീയ കുതിര(പശു)ക്കച്ചവടത്തിലൂടെ പ്രതിപക്ഷത്തെ അസാധുവാക്കുന്ന കാലത്തു വേറെ വഴിയില്ലെന്നു മനസിലാക്കി തന്നെയാകണം അദ്ദേഹമതു പറഞ്ഞിരിക്കുക. രാജ്യത്തെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന വിപത്തിനെ അദ്ദേഹം അന്ധകാരത്തിന്റെ ശക്തിയായി മനസിലാക്കുന്നു, വെളിച്ചത്തിന്റെ ശക്തികള്‍ക്ക് അദ്ദേഹം നല്‍കുന്ന നിര്‍വചനവും ആ പ്രസ്താവനയില്‍ തന്നെയുണ്ട്. ഇന്ത്യയുടെ ഭാവി ആഗ്രഹിക്കുന്ന പൗരസമൂഹത്തിന്റെ മനസാക്ഷിയെ ആണ് പ്രണബ് മുഖര്‍ജി അങ്ങനെ വിശേഷിപ്പിച്ചത്. അന്ധകാരത്തിന്റെ ശക്തികള്‍ക്കെതിരേ പൗരസമൂഹത്തിന്റെ ജാഗ്രത. ആ ജാഗ്രതയാണ് ഇന്ത്യയിലെ അനേകം നഗരങ്ങളില്‍ രാഷ്ട്രീയ മേല്‍വിലാസങ്ങളൊന്നുമില്ലാതെ ഐക്യപ്പെട്ടു തമ്പടിച്ചതും പ്രതിഷേധത്തിന്റെ സ്വരമുയര്‍ത്തിയതും.
ഒരു ജനതയുടെ ആഘോഷം എളുപ്പം തട്ടിയെടുക്കാനാകില്ല. മതചിഹ്നങ്ങളെ രാഷ്ട്രീയസൂചനകളായി പ്രയോഗിക്കുന്നതിനുള്ള മറുപടിയാണിത്. ഹിംസയിലൂന്നിയ സനാതന ഹിന്ദുത്വ ദേശീയതയ്‌ക്കെതിരേയുള്ള ചെറുത്തുനില്‍പിനു ജനാധിപത്യം എന്ന ആധുനിക സാമൂഹികമൂല്യത്തിന്റെ ആഘോഷമാണു പ്രധാന വഴി. അതിനിനിയും വൈവിധ്യമാര്‍ന്ന പതിപ്പുകളുണ്ടാകണം. ഇടതുപാര്‍ട്ടികള്‍ തൊട്ടു മത-ന്യൂനപക്ഷ കക്ഷികള്‍ക്കുവരെ ഇത്തരമൊരു തുറന്ന ആഘോഷം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, അവര്‍ക്ക് ഇത്തരമൊന്നിനെ പിന്തുണക്കുക എളുപ്പമാണ്. അകത്തേക്കു കടന്നുവന്നു സ്വയം നവീകരിക്കാം. ഇന്ത്യന്‍ ജനാധിപത്യം സാധ്യമാക്കിയ ചില തുറസുകളുണ്ട്. അതിനെ വീണ്ടെടുക്കുകയും വികസിപ്പിക്കുകയും വേണം. 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' പോലുള്ള ജനങ്ങള്‍ക്ക് ഒരുമിച്ചു വെളിച്ചത്തില്‍ തപ്പാനുള്ള ഇടങ്ങള്‍ വളര്‍ത്തിയെടുക്കുക ഒരു പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നത് ഇതു കൊണ്ടൊക്കെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."