അതിര്‍ത്തി തര്‍ക്കം: ബിപിന്‍ റാവത്ത് ഇന്ന് ലഡാക്കിലെത്തും
ശ്രീനഗര്‍: ദോക്ലാം വിഷയത്തില്‍ ഇന്ത്യാ-ചൈനാ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. ഇന്ന് ലഡാക്കിലെത്തുന്ന റാവത്ത് അതിര്‍ത്തിയിലെ സുരക്ഷാനടപടികള്‍ വിലയിരുത്തും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് സന്ദര്‍ശനം.
കഴിഞ്ഞ ദിവസം ലഡാക്കിലെ പ്രസിദ്ധമായ പാന്ഗോങ് തടാകക്കരയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ കൂടുതല്‍ സൈന്യത്തെ ചൈനാ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഇതിനു പിറകെയാണ് സൈനിക മേധാവിയുടെ സന്ദര്‍ശനം. മേഖലയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായി റാവത്ത് പ്രത്യേക ചര്‍ച്ചകള്‍ നടത്തും.
അതിര്‍ത്തിയില്‍ സൈനികര്‍ക്കുള്ള സൗകര്യങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാനും നടപടിയെടുക്കുമെന്നാണ് അറിയുന്നത്.
ഗാങ്ടോക്കില്‍നിന്ന് 17-ാം ഡിവിഷനും കലിപോങ്ങില്നിന്ന് 27-ാം ഡിവിഷനും സൈനികരെയാണ് ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്. ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തിപ്രദേശമായ ദോക്ലാമില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്നാണ് അയല്‍രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."