റഷ്യയില്‍ കത്തിയാക്രമണം; അക്രമിയെ വധിച്ചു, ഏഴുപേര്‍ക്ക് പരുക്ക്
മോസ്കോ: സ്പെയിനിലും ഫിന്‍ലന്‍ഡിലും ജര്‍മനിയിലും നടന്ന കത്തിയാക്രമണത്തിനു പിന്നാലെ റഷ്യയിലും യുവാവ് ഏഴു പേരെ കുത്തിപ്പരുക്കേല്‍പിച്ചു. അക്രമിയെ പൊലിസ് വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖാണ് അവകാശവാദം ഉന്നയിച്ചത്.
റഷ്യയിലെ സ്വയംഭരണ പ്രദേശമായ ഹന്തി മന്‍സിസ്കിലുള്ള സുര്‍ഗുത് നഗരത്തിലാണ് സംഭവം. പ്രാദേശിക സമയം പകല്‍ 11.20 നാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പൊലിസ് വെടിവെച്ചുകൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഹന്തി മന്‍സിസ്കിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സുര്‍ഗുത്. മോസ്കോയില്‍ നിന്ന് കിഴക്ക് ദിശയില്‍ 2,100 കി.മി അകലെയാണിത്. 3,50,000 ജനസംഖ്യയുള്ള ഹന്തി മന്സിസ്ക് റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, ഗ്യാസ് ഉത്പാദന കേന്ദ്രമാണ്.
ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞുവെന്ന് റഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി അറിയിച്ചു. ഇയാളുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. പ്രദേശവാസിയായ ഇയാള്‍ 1994 ലാണ് ജനിച്ചതെന്ന് റഷ്യയിലെ വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ ഭീകരബന്ധമുണ്ടോയെന്ന് പറയാനായിട്ടില്ലെന്നാണ് അന്വേഷണ കമ്മിറ്റി വക്താവ് അറിയിച്ചത്. സംഭവത്തെ പൊലിസ് വിശേഷിപ്പിച്ചത് വധശ്രമം എന്നാണ്.
കഴിഞ്ഞ ദിവസം ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."