ഓണപ്പരീക്ഷക്കൊരുങ്ങാം
പഠന സിലബസ് എത്ര ലളിതമാണെങ്കിലും ചിലര്‍ക്ക് അതൊരു അരോചകമായ പ്രക്രിയയാണ്. ഇഷ്ടമുണ്ടായിട്ടല്ല പലരും പഠിക്കുന്നത്. പഠിക്കൂ പഠിക്കൂ എന്നുപറഞ്ഞ് നിര്‍ബന്ധിക്കുന്നവര്‍ക്കും സമ്മര്‍ദങ്ങളിലാക്കുന്നവര്‍ക്കും എങ്ങനെ പഠിക്കണമെന്നു പറഞ്ഞുകൊടുക്കാനാകാറില്ല. എന്നാല്‍ പഠനം രസകരമാക്കാനും ഓര്‍മകള്‍ രാകിമിനുക്കി തിളക്കമുള്ളതാക്കാനും ഒരുപാട് സൂത്രങ്ങളുണ്ട്. സൂത്രവാക്യങ്ങളിലൂടെ അവയൊക്കെ സ്വായത്തമാക്കാനുള്ള ചില വഴികളുമുണ്ട്. പലരും ആവര്‍ത്തിച്ച് പഠിച്ചാലും മറന്നുപോകുന്നു. പരീക്ഷാ ഹാളിലെത്തുമ്പോള്‍ സൂത്രവാക്യങ്ങളോ വര്‍ഷങ്ങളോ ഓര്‍മയുണ്ടാകില്ല. നേരത്തെ പഠിച്ച വിവരങ്ങളുമായുള്ള കൂടിച്ചേരലുകള്‍ക്കിടയില്‍പ്പെട്ട് കണ്‍ഫ്യൂഷന്‍ വേറെയും. പരാതികളുടെ പട്ടികക്ക് ഇങ്ങനെ ഒരുപാട് നീളമുണ്ട്. എന്തൊക്കെ ചെയ്തിട്ടും പരിഹാരം കണ്ടെത്താനാകാത്ത പ്രതിസന്ധികള്‍ക്കും.
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കളി എപ്പോഴും ഹരമാകുകയും പഠനം പലപ്പോഴും വിരസമാകുകയും ചെയ്യുന്നത്?
ഏതു വിഷയമാണെങ്കിലും താല്‍പര്യം ഒരു പ്രധാന ഘടകമാണ്. ഫുട്‌ബോളില്‍ ലഹരി കണ്ടെത്തിയ കുട്ടിയോട് ചോദിക്കുക. ഇഷ്ടതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍, ഓരോ മത്സരത്തിലും അവര്‍ നേടിയ ഗോളുകളുടെ നില, ക്രിക്കറ്റില്‍ താല്‍പര്യമുള്ളവര്‍ ആരാധ്യതാരങ്ങളുടെ ജീവിതത്തെക്കുറിച്ച്, കുടുംബവിശേഷത്തെക്കുറിച്ച്, അവര്‍ നേടിയ വിക്കറ്റിനെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞുതരും.
എന്നാല്‍ അതാരും അവനെ പഠിപ്പിച്ചെടുത്തതല്ല. അധ്യാപകനോ രക്ഷിതാവോ വടിയോങ്ങുമെന്ന് കരുതി ബുദ്ധിമുട്ടി പഠിച്ചെടുത്തതുമല്ല. അതറിഞ്ഞിരുന്നാല്‍ എ പ്ലസും എ ഗ്രേഡും ലഭിക്കില്ലെന്നും അവനറിയാം. എന്നിട്ടും അവനതെല്ലാം മനഃപാഠമാണ്. താല്‍പര്യമുള്ള വിഷയമായതിനാല്‍ ആരും അറിയാതെ അവന്റെ മനസില്‍ അങ്ങനെയൊരു പ്രക്രിയ നടന്നു കഴിഞ്ഞിരിക്കുന്നു.
ഇതുതന്നെയാണ് പഠനത്തിലും സംഭവിക്കേണ്ടത്. വിദ്യാര്‍ഥി അറിയാതെ പഠിക്കണം. പഠിക്കുകയാണെന്ന് തോന്നാതെ ആവശ്യമായ വിവരങ്ങള്‍ മസ്തിഷ്‌കത്തിലെത്തണം. എന്നാല്‍ അതു സംഭവിക്കുന്നത് ന്യൂനപക്ഷമായ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമാണ്.
രസകരമായ പഠനരീതി
പഠനം രസകരമാകണമെങ്കിലും വാശിവേണം. ആവേശം കൂടെപ്പിറപ്പിനെപോലെ കൂടെകൊണ്ടുനടക്കണം. പഠനരീതി വ്യത്യസ്തമാകണം.
പഠിക്കുന്നത് എത്ര രസകരമായ വിഷയമാണെങ്കിലും നിങ്ങള്‍ക്കൊരിക്കലും താല്‍പര്യമില്ലാത്ത പാഠഭാഗമാണെങ്കിലും അതിനു പുതിയൊരു അവതരണരീതിയുണ്ടെങ്കില്‍ ആര്‍ക്കും താല്‍പര്യം ജനിക്കും. എന്നാല്‍ പഠിക്കേണ്ട കാര്യങ്ങള്‍ യുക്തിപൂര്‍വം വിശകലനം ചെയ്യാന്‍പോലും പലര്‍ക്കും താല്‍പര്യമില്ല.
അപ്പോള്‍ സ്വാഭാവികമായും ബോറടിക്കും. ഓരോ വായനയും അറിവിന്റെ പുതിയ ആകാശങ്ങളാണ് നമുക്കു മുന്നില്‍ തുറക്കുന്നത്. വായിക്കുംതോറും മനസ് വികസിക്കുന്നു. വായനയിലൂടെ മനസിനും ഉണര്‍വ് ലഭിക്കന്നു. ഉന്മേഷം കൈവരുന്നു. മനസിനും ബുദ്ധിക്കും ആവശ്യമായ പോഷണം ലഭിക്കുന്നു. ശരീരത്തിന്റെ പോഷണത്തിന് ആഹാരമെന്നതുപോലെ ബുദ്ധി വികാസത്തിനുള്ള പോഷണമാണ് വായന.
രക്ഷിതാക്കളറിയാന്‍
പരീക്ഷാ കാലത്ത് കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാകുന്ന തരത്തിലുള്ള യാതൊന്നും മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവരുത്. കുട്ടിയെ ടി.വി കാണാന്‍ സമ്മതിക്കാതെ മറ്റെല്ലാവരും ടി.വി കാണുന്നത് അവരില്‍ സമ്മര്‍ദം ഉണ്ടാക്കും.
പരീക്ഷാ കാലത്ത് വീട്ടിലെ എല്ലാവരും ടി.വി. കാണുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. പരീക്ഷ എഴുതി വന്നാലുടനെ കുട്ടിയെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കുന്നത് ഒഴിവാക്കണം. അവര്‍ക്ക് പൂര്‍ണ പിന്തുണയാണ് ആവശ്യം. മാര്‍ക്കിനേക്കാള്‍ വലുത് കുട്ടിയാണെന്ന ചിന്ത ഏതു സമയങ്ങളിലും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.
സമയം ക്രിയാത്മകമായി ഉപയോഗിക്കണം
സമയത്തിന്റെ വില മനസിലാക്കിയവര്‍ക്ക് എവിടെനിന്നും ഒളിച്ചോടാനാകില്ല. അവര്‍ സമയത്തെ കൃത്യമായി ഉപയോഗിക്കും. ഓരോ നിമിഷത്തെയും കീറിമുറിച്ച് പ്രയോജനപ്പെടുത്തും. അവര്‍ക്കാണ് വിജയം. എന്നാല്‍ പുസ്തകം കാണുമ്പോഴേ മടുപ്പു തോന്നുന്നുകയാണ് ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് പഠിക്കാനേ തോന്നുന്നില്ല. അവര്‍ നന്നായി പാട്ടുപാടും, ചിത്രങ്ങള്‍ വരയ്ക്കും, ഓട്ടക്കാരനാകും, മികച്ച ഫുട്‌ബോള്‍ കളിക്കാരനാകും, ക്രിക്കറ്റില്‍ നിങ്ങളുടെയത്രയും വിക്കറ്റെടുക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞെന്നുവരില്ല..... എന്നാല്‍ പഠനപ്രക്രിയയില്‍ ആ ലഹരി തോന്നുന്നില്ല. അത്തരക്കാര്‍ക്ക് അവിടെനിന്ന് ഒളിച്ചോടാനും കഴിയില്ല. ഒളിച്ചോടിയാലോ മത്സരങ്ങളുടെ ഈ കാലത്ത് ജീവിതത്തില്‍ തോറ്റുപോകും. അതുകൊണ്ട് നിങ്ങള്‍ തോറ്റോടരുത്. ധൈര്യത്തോടെ എന്തിനെയും നേരിടണം.
ലോകത്തെവിടെയും വര്‍ഷത്തില്‍ 365 ദിവസമാണ്. ദിവസത്തിന് 24 മണിക്കൂറും. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിനും ഇപ്പോഴത്തെ പ്രസിഡന്റിനും ദിവസത്തില്‍ 1440 മിനുറ്റു തന്നെയായിരുന്നു ഉണ്ടായിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും ദിവസത്തില്‍ 86400 സെക്കന്‍ഡ് തന്നെയാണുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഇപ്പോഴത്തെ പ്രസിഡന്റിനും ഇങ്ങനെതന്നെയായിരുന്നു സമയം. കലാമും ലിങ്കനും നെഹ്‌റുവും സമയത്തെ ക്രിയാത്മകമായി ക്രമീകരിച്ചു. നന്നായി ചിന്തിച്ചും മൂല്യവത്തായ കാര്യങ്ങള്‍ നടപ്പാക്കിയും ചരിത്രം തിരുത്തിക്കുറിച്ചു. മറ്റുള്ളവര്‍ക്കത്ര സാധിച്ചോ? സര്‍ഗാത്മകമായി ചിന്തിക്കാത്തതും ക്രിയാത്മകമായി പ്രവര്‍ത്തിക്കാത്തതും തന്നെയല്ലേ പ്രശ്‌നം.
പാഠമാക്കാം ഈ നിര്‍ദേശങ്ങള്‍
പരീക്ഷയുടെ തലേദിവസങ്ങളില്‍ പരന്നവായന ഒഴിവാക്കണം. എത്ര പഠിച്ചിട്ടും തലയില്‍ കയറാത്ത കാര്യങ്ങളെ തലയില്‍ വലിച്ചുകയറ്റാന്‍ ഈ ദിവസങ്ങളെ ഉപയോഗപ്പെടുത്തരുത്. പഠിച്ചുകഴിഞ്ഞ പ്രധാനഭാഗങ്ങളെ എല്ലാം റിഫ്രഷ് ചെയ്യുകയാണു വേണ്ടത്. സ്വന്തം പഠനരീതി തിരിച്ചറിയുകയും എത്രനേരം ഏകാഗ്രത പാലിക്കാന്‍ കഴിയുമെന്നു കണ്ടെത്തി ഇടവേള കൊടുത്തും മാത്രം പഠനം തുടരാം.
ചില കുട്ടികള്‍ക്ക് പ്രത്യേക സമയങ്ങളിലായിരിക്കും കൂടുതല്‍ ഏകാഗ്രത കിട്ടുന്നത്. അത്തരം സമയങ്ങളില്‍ പഠനം നടത്താം.
പരീക്ഷാ ഫലത്തെപ്പറ്റി ഓര്‍ത്ത് ഉത്കണ്ഠ വരുത്തരുത്. മുന്‍ പരീക്ഷകളെക്കുറിച്ചും അതിലെ മാര്‍ക്കുകളെക്കുറിച്ചും അധികം ചിന്ത വേണ്ട. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായിരുന്നു പഠിക്കാം. അപകടം പിടിച്ച കളികള്‍ ഒഴിവാക്കണം. നല്ല ഭക്ഷണവും വെള്ളവും ശരീരത്തിനാവശ്യമാണ്. ശീലമില്ലാത്ത ഭക്ഷണങ്ങളെ തീര്‍ത്തും ഒഴിവാക്കണം. ഉറക്കം ഒഴിച്ചിരുന്ന് അധികം പഠിക്കരുത്. നല്ല ഉന്മേഷം ലഭിക്കുന്ന സാഹചര്യങ്ങളായിരിക്കണം പഠനത്തിനൊരുക്കേണ്ടത്.
അനാവശ്യ ചിന്തകളെല്ലാം കുറച്ചുകാലത്തേക്ക് വെടിയുക. ടി.വിക്കു മുന്‍പില്‍ സമയം ചെലവഴിക്കരുത്. കംപ്യൂട്ടര്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുക. ഹാള്‍ടിക്കറ്റ്, പേനകള്‍, ബോക്‌സ്, വാച്ച്, കാല്‍ക്കുലേറ്റര്‍, ലോഗരിതം തുടങ്ങി ആവശ്യമായ സാമഗ്രികളെല്ലാം കൊണ്ടുപോകണം.
ചോദ്യപേപ്പര്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും വായിച്ച് എതെല്ലാം ചോദ്യങ്ങള്‍ക്കാണ് ആദ്യം ഉത്തരമെഴുതേണ്ടത് എന്ന് ധാരണയിലെത്തണം. പരീക്ഷയുടെ തിയതിയും സമയവും, ചോദ്യപേപ്പറിന്റെ കോഡ് നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവയും വിട്ടുപോകാതെ നോക്കണം. ശാന്തമായി കണ്ണടച്ച് ദീര്‍ഘമായി വളരെ പതിയെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നത് ടെന്‍ഷന്‍ കുറയ്ക്കും. ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങളായിരിക്കണം ആദ്യം എഴുതേണ്ടത്. പരീക്ഷ തീരുന്നതിന്റെ പത്തു മിനിട്ടു മുന്‍പെങ്കിലും എഴുതിത്തീര്‍ക്കണം.
പരീക്ഷ നല്ല കൈയക്ഷരത്തില്‍ വൃത്തിയോടെ എഴുതുക. മാര്‍ജിന്‍, നമ്പറുകള്‍ പാരഗ്രാഫുകള്‍, തലക്കെട്ടുകള്‍ തുടങ്ങിയവ ശ്രദ്ധിക്കുക. ശ്രദ്ധിക്കപ്പെടുന്ന വിധത്തിലായിരിക്കണം നമ്പറുകള്‍ എഴുതേണ്ടത്. ഉത്തരങ്ങള്‍ എഴുതാന്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ സമയം മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. വെട്ടിയും തിരുത്തിയും ഉത്തരക്കടലാസ് വൃത്തികേടാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."