എട്ടുകോടിയുടെ അസാധുനോട്ട്: പൊലിസ് ആര്‍.ബി.ഐയെ സമീപിക്കും
കായംകുളത്ത് : എട്ട് കോടി രൂപയുടെ അസാധുനോട്ട് പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിനായി പൊലിസ് ആര്‍.ബി.ഐയെ സമീപിക്കുന്നു.
എട്ട് കോടി രൂപ നല്‍കുമ്പോള്‍ ഒരു കോടി രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയം. അസാധുനോട്ട് മറിച്ചു വില്‍ക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അന്വേഷിക്കുകയാണ് പൊലിസ്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഇത്തരത്തിലുള്ള ഒട്ടേറെ തട്ടിപ്പ് സംഘങ്ങള്‍ ഉണ്ടെന്നും പൊലിസിന് വിവരം ലഭിച്ചു. കൃഷ്ണപുരത്ത് നൈറ്റ് പട്രോളിങ്ങിനിടെയാണ് എട്ട് കോടി രൂപയുടെ അസാധു നോട്ടുകള്‍ പൊലിസ് പിടികൂടിയത്.
നാല് പാലക്കാട് സ്വദേശികളേയും ഒരു മലപ്പുറം സ്വദേശികളേയും കായംകുളം സി.ഐ കെ. സദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്.
ഒരു കോടി രൂപയുടെ പുതിയ നോട്ടുകള്‍ കൊടുത്താണ് എട്ട് കോടി രൂപയുടെ പഴയനോട്ടുകള്‍ ഇവര്‍ വാങ്ങിയത്.
കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘമാണ് നോട്ട് കൈമാറ്റത്തിനു പിന്നില്‍. കോയമ്പത്തൂരില്‍ ഒട്ടേറെ സംഘങ്ങള്‍ അസാധുനോട്ട് കൈമാറുന്നുണ്ടെന്ന് പൊലിസിന് വ്യക്തമായി. അസാധുനോട്ടുകള്‍ സംസ്ഥാനത്ത് എത്തിക്കുന്ന സംഘം മറിച്ചു കൊടുക്കുകയാണ്.
കുറഞ്ഞ മൂല്യത്തില്‍ വാങ്ങിയ പഴയ നോട്ടുകള്‍ സംസ്ഥാനത്ത് എത്തിച്ച് മറിച്ച് വില്‍ക്കും. 25000 രൂപയുടെ പുതിയ നോട്ടുകള്‍ക്ക് പകരം പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.
പഴയനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി നേരത്തെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ പഴയനോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പൊലിസ് വ്യക്തമല്ല.
കായംകുളത്ത് നോട്ട് വാങ്ങാന്‍ ശ്രമിച്ചവരെ കണ്ടെത്തിയാല്‍ ഇത് വ്യക്തമാകുമെന്ന് പൊലിസ് കരുതുന്നു.
ഒപ്പം, അന്വേഷണത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയെ സമീപിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. നോട്ടു വാങ്ങാന്‍ ശ്രമിച്ചവര്‍ കേരളത്തിനു പുറത്തേക്ക് കടന്നതായിട്ടാണ് പൊലിസിന് ലഭിച്ചവിവരം. ഇവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ അടക്കം സഹായം പൊലിസ് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."