ജയിലില്‍നിന്ന് ശശികലയും ഇളവരശിയും പുറത്തുപോയിരുന്നതായി ആരോപണം
ബംഗളൂരു: അഴിമതിക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല സാധാരണ വേഷം ധരിച്ച് പുറത്തുപോയിരുന്നതായി സംശയം. ജയിലിലെ പ്രധാന ഗേറ്റില്‍ വച്ച സി.സി.ടി.വി കാമറ ദൃശ്യം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് മുന്‍ ജയില്‍ ഡെപ്യൂട്ടി ഐ.ജി രൂപ ഡി. മൗദ്ഗില്‍ സംസ്ഥാന അഴിമതി നിരോധന ബ്യൂറോ മുന്‍പാകെ വ്യക്തമാക്കി.
ശശികലയും ബന്ധു ഇളവരശിയും സാധാരണ വേഷം ധരിച്ച് പുറത്ത് പോയിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് രൂപ പറയുന്നു. ശശികലയില്‍ നിന്നു കൈക്കൂലി വാങ്ങിച്ച് അവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചുവെന്ന് നേരത്തെ രൂപ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ശശികലയും ബന്ധു ഇളവരശിയും ജയിലിന് പുറത്തുപോയിരുന്നുവെന്ന് സംശയിക്കുന്നുണ്ടെന്ന കാര്യം അവര്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സി.സി.ടി.വി ദൃശ്യത്തില്‍ രണ്ടുപേര്‍ സാധാരണ വേഷത്തില്‍ മുന്നിലും പിന്നിലുമായി ജയിലിന്റെ പ്രധാന ഗേറ്റ് കടന്നുവരുന്നതായി വ്യക്തമാകുന്നുണ്ട്. ദൃശ്യത്തില്‍ ജയില്‍ ജീവനക്കാരെയും കാണുന്നുണ്ട്.
ശശികലക്ക് ജയിലില്‍ ആഢംബര ജീവിതമാണെന്ന കാര്യം തെളിവുകള്‍ സഹിതം ജയില്‍ ഡെപ്യൂട്ടി ഐ.ജി അറിയിച്ചിരുന്നു. ഇതിനായി ഇവര്‍ രണ്ടുകോടി രൂപയാണ് ജയിലിലെ ചില ഉന്നതര്‍ക്ക് നല്‍കിയിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിടുകയും ജയില്‍ ചുമതലയില്‍ രൂപയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ശശികലയും ഇളവരശിയും ജയിലില്‍ നിന്നു പുറത്തുപോയതായി സംശയിക്കുന്നുണ്ടെന്ന് രൂപ മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."