അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്കി
തിരുവനന്തപുരം: സംഘ് പ്രചാരകന് രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് അശോകന് പൊലിസില്‍ പരാതി നല്കി. വീട്ടില്‍ അതിക്രമിച്ചു കയറി ഹാദിയയുടെയും മാതാവിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി.
വൈക്കം പൊലിസ് സ്റ്റേഷനിലാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണങ്ങള്‍ക്കു ശേഷം കേസെടുക്കുമെന്നാണ് പൊലിസ് അറിയിച്ചത്.
രാഹുല്‍ വീട്ടില്‍ കയറിയത് കോടതി വിധിയുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സംവദിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറുകയും മാതാവിന്റെയും പിതാവിന്റെയും ഹാദിയയുടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തത്. 'ലവ്ജിഹാദ് ടേപ്സ്' എന്ന പേരിലാണ് ഇത് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം നിഷേധിച്ച, വന്‍ പൊലിസ് സുരക്ഷയുള്ള ഹാദിയയുടെ വീട്ടിലേക്ക് രാഹുല്‍ ഈശ്വര്‍ എങ്ങനെയാണ് കയറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലിസിന്റെ ഒത്താശയോടെ അകത്തുകയറിയെന്നാണ് ആരോപണം. അതേസമയം, പൊലിസില്‍ പരാതി നല്കിയ പിതാവ് രാഹുല്‍ ഈശ്വർ പകർത്തിയ സെല്‍ഫിയില്‍ ചിരിച്ചു പോസ് ചെയ്യുന്നതും കാണാം. കേസിനെ ഇത് എങ്ങനെ ബാധിക്കുമെന്നാണ് പൊലിസ് അന്വേഷിക്കുക.
ഹാദിയയുടെ മതംമാറ്റത്തെപ്പറ്റി രാഹുല്‍ ചോദിക്കുമ്പോള്‍ മാതാവ് മറുപടി പറയുന്നതും അതിനിടയ്ക്ക് ഹാദിയ ഇടപെടുന്നതും വീഡിയോയിലുണ്ട്. 'എന്റെ ജീവിതം ഇങ്ങനെ മതിയോ.. ഇതാണോ എനിക്കുള്ള ജീവിതം..' എന്ന് ഹാദിയ ചോദിക്കുന്നുണ്ട്. വീട്ടുകാര്‍ തന്റെ പ്രാര്‍ഥന തടസ്സപ്പെടുത്താറുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."