അറഫാസംഗമം 31ന്; സഊദിയിലും ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്
മക്ക: സഊദിയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനെത്തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ചയായി സഊദി സുപ്രിം കോര്‍ട്ട് പ്രഖ്യാപിച്ചു. അറഫ സംഗമം 31 നു വ്യാഴാഴ്ചയും പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് വെള്ളിയാഴ്ചയും ആയിരിക്കും.
ഇതോടെ ഹജ്ജിനുള്ള ഒരുക്കങ്ങളും ത്വരിത ഗതിയിലായി. ദുല്‍ഹിജ്ജ എട്ടിന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് മക്കയില്‍ നിന്നു തീര്‍ത്ഥാടക പ്രവാഹം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിനു തുടക്കമാകും. വിദേശ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ഏകദേശം പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നെങ്കിലും ബാക്കിയുള്ളവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എത്തിച്ചേരും.
ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹിജ്ജ ആറു മുതല്‍ മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഉദ്ദേശിച്ച സമയത്ത് മക്കയില്‍ എത്തിച്ചേരുകയാണെങ്കില്‍ ഇവര്‍ മക്കയില്‍ പ്രവേശിച്ച ഉടന്‍ ഖുദൂമിന്റെ ത്വവാഫ്, ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ മക്കയില്‍ എത്തിച്ചേരാന്‍ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകള്‍ ലക്ഷ്യമാക്കി യാത്ര തിരിക്കും.
യൗമു തര്‍വ്വിയതിന്റെ ദിനമായ ദുല്‍ഹിജ്ജ എട്ടിന് ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ ദിനത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരിക്കും. രാത്രിയോടെ അറഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്‍ ദുല്‍ഹിജ്ജ ഒന്‍പതിന് മധ്യാഹ്ന നിസ്കാരത്തോട് കൂടി ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫയില്‍ പ്രവേശിക്കും.
കര, കപ്പല്‍, മാര്‍ഗ്ഗമുള്ള തീര്‍ത്ഥാടകരുടെ വരവ് വരും ദിവസങ്ങളില്‍ പൂര്‍ത്തിയായാല്‍ ഹാജിമാര്‍ ഹജ്ജിലേക്ക് പ്രവേശിക്കും. വിമാന മാര്‍ഗ്ഗമുള്ള ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനം ഇറങ്ങുന്നതോടെ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ താല്കാലികമായി അടക്കും. ഹജ്ജിന് ശേഷം മടക്കയാത്രക്കായിരിക്കും പിന്നീട് ഇത് തുറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."