ഉ.കൊറിയക്ക് പിന്തുണ: 16 ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കെതിരേ ഉപരോധം
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ആണവപദ്ധതിക്ക് പിന്തുണ നല്‍കിയെന്നാരോപിച്ച് 16 ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ യു.എസ് ഉപരോധം. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ഇവര്‍ ഉത്തര കൊറിയയെ സഹായിച്ചുവെന്നാണ് കമ്പനികള്‍ക്കെതിരേ ചുമത്തിയ കുറ്റം.
വലിയ നാശംവിതയ്ക്കുന്ന ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും മേഖലയെ അസ്വസ്ഥമാക്കുന്നതിനും ഉത്തര കൊറിയക്ക് വരുമാനമുണ്ടാക്കാന്‍ സഹായിച്ച ഇവരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിന്‍ പ്രസ്താവിച്ചു.
അമേരിക്കയുടെ ഉപരോധ നടപടികള്‍ നിയന്ത്രിക്കുന്നത് ട്രഷറി ഡിപ്പാര്‍ട്‌മെന്റാണ്. ഇപ്പോള്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളും കമ്പനികളും ഉത്തര കൊറിയയുടെ ആണവ ബാലസ്റ്റിക് മിസൈല്‍ പദ്ധതികളെ സഹായിച്ചവരാണെന്ന് ട്രഷറി ഡിപ്പാര്‍ട്‌മെന്റ് ചൂണ്ടിക്കാട്ടി.
നആ രാജ്യത്തിന്റെ ഊര്‍ജ വ്യാപാരത്തെ സഹായിച്ചവരും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് സഹായം നല്‍കിയവരുമൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചതായി നേരത്തെ ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് യു.എന്നും യു.എസും ഉത്തര കൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."