ഗുര്‍മീത് റാം റഹിം സിങ് എന്ന 'റോക്ക് സ്റ്റാര്‍ ബാബ'
ബലാത്സംഗ കുറ്റത്തില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച് ജയിലിലേക്ക് പോകാനൊരുങ്ങുന്ന ഗുര്‍മീത് റാം റഹിം സിങെന്ന ആള്‍ദൈവത്തിനെ കുറിച്ച് അറിയാന്‍ കുറേയേറെയുണ്ട്. സന്യാസി എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസിലേക്കോടി വരുന്ന രൂപത്തില്‍ നിന്നും ഭാവത്തില്‍നിന്നും തീര്‍ത്തും വിഭിന്നമാണ് ഗുര്‍മീത് സിങിന്റെ ജീവിതം. കായികതാരം, ആത്മീയ നേതാവ്, പ്രഭാഷകന്‍, ആഢംബര പ്രിയന്‍, വാഹനപ്രേമി, അഭിനേതാവ്, സിനിമാ സംവിധായകന്‍ എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വിളയാടുന്ന സ്വാമിയുടെ ഭക്തമാരുടെ എണ്ണം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും.
1967 ഓഗസ്റ്റ് 15 നാണ് രാജസ്ഥാനില്‍ മഘര്‍ സിങ് നസീബ് കൗര്‍ എന്നിവരുടെ മകനായി ഗുര്‍മീത് സിങിന്റെ ജനനം. കര്‍ഷകനായ പിതാവിന സഹായിക്കാന്‍ ആറാം വയസില്‍ ട്രാക്ടര്‍ ഓടിച്ചുതുടങ്ങി. 1948 ല്‍ രൂപീകൃതമായ ദേര സച്ചാ സൗദയില്‍ അംഗമായ പിതാവിന്റെ വഴിയെ ഗുര്‍മീതും ഇതില്‍ അംഗത്വം സ്വീകരിച്ചു. പിന്നീട് 23ാം വയസില്‍ ഇതിന്റെ മേധാവിയായി തന്നെ ഇയാള്‍ മാറി. ഇവിടെ നിന്നാണ് ഗുര്‍മീതിന്റെ വളര്‍ച്ച തുടങ്ങുന്നത്.
ആത്മീയതയില്‍ മാത്രമൊതുങ്ങാതെ തന്നെക്കൊണ്ടാവുന്നതിലെല്ലാം അദ്ദേഹം കൈകടത്തി. സംവിധായക വേഷവും ഗാനരചനയും ആലാപനവും നിര്‍വഹിച്ച് സ്വയം നിര്‍മിച്ച ചിത്രത്തില്‍ നായകനായതോടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയും നേടി. പിന്നീട് കുറേയേറെ ചിത്രങ്ങള്‍. എല്ലാത്തിലും ദൈവത്തിന്റെ അവതാരമെന്ന പേരിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. എല്ലാം ആരാധകര്‍ ഹിറ്റാക്കി കൊടുക്കുകയും ചെയ്തു. വെള്ളിത്തിരയിലും സംഗീത ആല്‍ബങ്ങളിലും തിളങ്ങിയപ്പോള്‍ റോക്ക് സ്റ്റാര്‍ ബാബ എന്ന വിളിപ്പേരും സ്വന്തമായി.
2014 മുതല്‍ രാഷ്ട്രീയ രംഗത്തും ഇടപെടല്‍ തുടങ്ങി. ഗുര്‍മീതിന്റെ രാഷ്ട്രീയ ഭക്തരില്‍ ഭൂരിഭാഗവും ബി.ജെ.പിയില്‍ നിന്നുള്ളവരായിരുന്നു. ഗുര്‍മീതിനെ പ്രീതിപ്പെടുത്തുന്നതിലൂടെ മറിയാനുള്ളത് ലക്ഷങ്ങളുടെ വോട്ടാണ് എന്നുള്ള തിരിച്ചറിവ് രാഷ്ട്രീയക്കാരെ ഇയാളുടെ കാല്‍ക്കീഴിലെത്തിച്ചു. അതീവ സുരക്ഷയിലും വി.ഐ.പി പരിഗണനയിലുമാണ് ഇദ്ദേഹത്തിന്റെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."