വാഴക്കുളം അഗ്രോപ്രോസസിങ് കമ്പനിയിലെ ലോക്കൗട്ട് പിന്‍വലിക്കുന്നു
മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനിയില്‍ ഓഗസ്റ്റ് 17ന് മനേജ്‌മെന്റ് പ്രഖ്യാപിച്ച കമ്പനി ലോക്കൗട്ട് ഓഗസ്റ്റ് 28ന് തിങ്കളാഴ്ച രാവിലെ ആറ് മണിമുതല്‍ പ്രാബല്ല്യത്തില്‍ വരത്തക്കവിധം പിന്‍വലിക്കുന്നതായി കമ്പനി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ ബാബുപോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളി സംഘടന നേതാക്കളുമായി കമ്പനി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ ഷിഫ്റ്റ് അനുസരിച്ച് ജോലിക്കുകയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോക്കൗട്ട് പിന്‍വലിക്കുന്നത്.
തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ആനുകൂല്യങ്ങള്‍ ആഗസ്റ്റ് 31നകം നല്‍കുമെന്നും ബാബുപോള്‍ പറഞ്ഞു. കഴിഞ്ഞ 17ന് ഒരു വിഭാഗം തൊഴിലാളികള്‍ യാതൊരുമുന്നറിയിപ്പുമില്ലാതെ കമ്പനിയില്‍ സമരം ആരംഭിച്ചത്. ഇതേതുടര്‍ന്നാണ് കമ്പനിയില്‍ ലോക്കൗട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ എട്ടുമാസമായി കമ്പനിയില്‍ ഉല്‍പാദനം നിറുത്തി വച്ചിരിക്കുകയായിരുന്നു. 2016 ഏപ്രില്‍ മാസം മുതലുള്ള തൊഴിലാളികളുടെ പി.എഫ് വിഹിതം ഈമാസം 31നകം കമ്പനി നല്‍കുന്നതാണന്നും ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്തംബര്‍ ആദ്യവാരം നല്‍കുമെന്നും മറ്റു കുടിശ്ശിഖകളെല്ലാം സെപ്തംബര്‍ മാസത്തില്‍ നല്‍കുന്നതിനും തിങ്കളാഴ്ച രാവിലെ 10ന് കമ്പനിയില്‍ വച്ച് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടന്നും ബാബു പോള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കമ്പനി മനേജിങ് ഡയറക്ടര്‍ കെ.കെ സുരേഷ്‌കുമാര്‍, ഫൈനാന്‍സ് മാനേജര്‍ സെലിന്‍.പി തോമസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."