പങ്കാളിത്ത കുരുമുളക് കൃഷി വികസന പദ്ധതിക്ക് 28ന് തുടക്കമാകും
തളിപ്പറമ്പ്: കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ ജില്ലയില്‍ പങ്കാളിത്ത കുരുമുളക് കൃഷി വികസന പദ്ധതി നടപ്പാക്കുന്നു. 2022 ആകുമ്പോഴേക്കും ഒരു താങ്ങുകാലില്‍ നിന്നു ഗുണമേന്മയുള്ള രണ്ട് കിലോഗ്രാം ഉണക്ക കുരുമുളകെങ്കിലും ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള തോട്ടങ്ങളുടെ സംരക്ഷണവും പുതുതായി കുരുമുളക് തോട്ടങ്ങള്‍ പഞ്ചായത്തിലെ എല്ലാ പുരയിടങ്ങളിലും നിര്‍മിക്കുകയും ചെയ്യും. പഞ്ചായത്ത്, കൃഷിഭവന്, കുരുമുളക് സംരക്ഷണ സമിതി, കര്‍ഷകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് 23 ലക്ഷം രൂപ ചെലവിട്ട് മൂന്ന് വര്‍ഷം നീളുന്ന കാര്‍ഷിക പദ്ധതി. 28ന് രാവിലെ 10ന് ചട്ടുകപ്പാറ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജയിംസ് മാത്യു എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സുഗന്ധവിള ഡയറക്ടറേറ്റിലെ ഡോ. ഹോമി ചെറിയാന് മുഖ്യപ്രഭാഷണം നടത്തും. മാതൃതല ഉല്പാദന നഴ്സറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."