ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്തവരെ പിടികൂടി
ദോഹ: കഴിഞ്ഞ മെയ് മാസം ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യു.എന്‍.എ) ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ പങ്കുള്ള അഞ്ച് പേരെ പിടികൂടിയതായി ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫത്തീസ് അല്‍മര്‍റി വെളിപ്പെടുത്തി.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സൈബര്‍ കുറ്റകൃത്യം തടയല്‍ കരാറിന്റെയടിസ്ഥാനത്തില്‍ തുര്‍ക്കിയാണ് ഹാക്കിങില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ തടഞ്ഞുവച്ചിരിക്കുന്നത്.
ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തര വൈദേശിക അന്വേഷണത്തിനു ഖത്തര്‍ തുടക്കമിട്ടിരുന്നു.
അന്വേഷണത്തില്‍ സഹകരിക്കാന്‍ സുഹൃദ് രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
പിടികൂടിയ അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനൊടുവില്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് യു.എ.ഇയില്‍നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ഹാക്കിങിന് ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ഐ.പി വിലാസമുള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19നാണ് ക്യു.എന്‍.എ സൈറ്റ് ഹാക്കിങിനുള്ള ശ്രമം ആരംഭിച്ചത്.
തുടര്‍ന്ന് മെയ് 23ന് രാത്രി 11.4നും അര്‍ധരാത്രിക്കു ശേഷം 12.13നുമിടയിലാണ് നേരിട്ടുള്ള ആക്രമണം നടന്നതും ഖത്തര്‍ അമീറിന്റെ തെറ്റായ പ്രസ്താവന ചേര്‍ത്തതും. പുലര്‍ച്ചെ മൂന്നു മണിയോടെ വെബ്‌സൈറ്റിന്റെ നിയന്ത്രണം അധികൃതര്‍ക്ക് പൂര്‍ണമായും തിരിച്ചു പിടിക്കാനായി. ഏഴു മണിയോടെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പിന്നീട് ഖത്തറിനെതിരായ ഉപരോധത്തിലേക്കു നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."