ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നു ഹരിയാനയില്‍ ഉണ്ടായ അക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിലുള്ള ഹരിയാനയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. ആക്രമണം പടരുന്നത് തടയുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പരാജയപ്പെട്ടു.
അതിനാല്‍, മുഖ്യമന്ത്രി രാജിവയ്ക്കണം. സംസ്ഥാന വ്യാപകമായി നടന്ന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കൃത്യമല്ലെന്നും മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികമാവാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തായ ഖട്ടാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തെരുവുകളില്‍ കലാപത്തിന്റെ നഗ്ന നൃത്തമാണ് കാണുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നതിന്റെ ഉദാഹരണമാണ് ഇത്. പ്രയോജന രഹിതമായ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും സിങ്‌വി ആവശ്യപ്പെട്ടു. ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കിയിട്ടും ഇതു പോലൊരു സാഹചര്യമുണ്ടായതിന് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദുര്‍ബലരായ കാഴ്ചക്കാരെ പോലെ നോക്കി നിന്നതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
36ല്‍ അധികം പേരുടെ മരണത്തിനും 250 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനും കാരണമായ ആക്രമണ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവയ്ക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ദേര സച്ച സൗദയോട് അനുകമ്പയുള്ള രീതിയിലാണ് ബി.ജെ.പി സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് എന്നതിന് തെളിവാണ്, മുഖ്യമന്ത്രിയും ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും ദേര സച്ച സൗദ തലവനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നതെന്നും പൊളിറ്റ് ബ്യുറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സംഭവം അരങ്ങേറുന്നത്. രാംപാല്‍ കേസിലും ജാട്ട് പ്രക്ഷോഭ സമയത്തും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അതിനാല്‍, സംസ്ഥാന സര്‍ക്കാരിന് ഭരണവുമായി മുന്നോട്ടുപോവാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടുവെന്ന് പി.ബി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."