അനധികൃത ആയുധ ഇടപാട്: കേണല്‍ പുരോഹിതിന് പങ്കുണ്ടെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കഴിഞ്ഞ ആഴ്ച സുപ്രിംകോടതി ജാമ്യം അനുവദിച്ച മുഖ്യപ്രതികളില്‍ ഒരാളായ കേണല്‍ ശ്രീകാന്ത് പുരോഹിതിന് അനധികൃത ആയുധ ഇടപാടില്‍ പങ്കുണ്ടെന്ന മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറലിന്റെ കണ്ടെത്തല്‍ തിരിച്ചടിയാവും.
സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ജയിലില്‍ നിന്ന് മോചിതനായ പുരോഹിത് താന്‍ വീണ്ടും സൈന്യത്തില്‍ സേവനം ചെയ്യാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈന്യത്തിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ കേണല്‍ നിയമ വിരുദ്ധമായി ആയുധം കൈകാര്യം ചെയ്തിരുന്നുവെന്നും സൈന്യത്തിന്റെ ആയുധങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മലേഗാവ് സ്‌ഫോടനക്കേസില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് തൊട്ടുപിറകെയാണ് അദ്ദേഹത്തിനെതിരേ മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്.
2011 ജൂലൈ 27ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഹിന്ദുത്വ ഭീകരരുമായി പുരോഹിതിന്റെ അടുത്ത ബന്ധവും 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പങ്കും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ പൂനെയിലെ ഒരു ആയുധ ഇടപാടുകാരനുമായിട്ട് ബന്ധം സ്ഥാപിച്ച പുരോഹിത്, പിന്നീട് മലേഗാവ് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയും ആയുധ സ്‌ഫോടന വസ്തുക്കളുടെ അനധികൃത ഇടപാട് നടത്തുന്നയാളുമായ രാഗേഷ് ധാവ്‌ഡെയുമായി ബന്ധം സ്ഥാപിച്ചു.
സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താന്‍ പദ്ധതിയിട്ട സംഘ്പരിവാര്‍ സംഘത്തിലെ പ്രധാനിയാകാന്‍ പുരോഹിതിനെ സഹായിച്ചത് അദ്ദേഹത്തിന് ആയുധങ്ങള്‍ വേഗത്തില്‍ ലഭ്യമായിരുന്നു എന്ന കാരണത്താലാണെന്നും മിലിറ്ററി ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ആയുധ ഇടപാടില്‍ ലഫ്. കേണല്‍ പുരോഹിതിന്റെ പങ്ക് എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്റെ നിയമവിരുദ്ധ ഇടപാടുകള്‍ വ്യക്തമായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സൈന്യത്തിന്റെ എന്‍ എസ് പി 7.62 എം എം പിസ്റ്റള്‍ 2009 മെയ് അഞ്ചിന് പുരോഹിത് പൂനെയിലെ ഒരു ആയുധ ഇടപാടുകാരന് വിറ്റു. ഈ പിസ്റ്റള്‍ വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണ്.
മെയ് അഞ്ചിന് തന്നെ പുരോഹിത് അമ്പര്‍നാഥിലെ മെഷിന്‍ ടെസ്റ്റ് പ്രോടോടൈപ്പ് ഫാക്ടറിയില്‍ നിന്ന് .32 എംഎം എന്‍പി ബോര്‍ റിവോള്‍വര്‍ വാങ്ങി. ഈ ആയുധ മാറ്റം ലൈസന്‍സില്‍ ചേര്‍ത്തു. ഈ ആയുധ ഇടപാടിലൂടെ പുരോഹിത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും സൈന്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആയുധ ഇടപാടുകാരില്‍ നിന്ന് വാങ്ങിയ 032 വെബ്ലി സ്‌കോട്ട് റിവോള്‍വറും പുരോഹിതിന്റെ കൈവശം ഉണ്ടായിരുന്നു. 2007 ഓഗസ്റ്റില്‍ ദേവ്‌ലാലില്‍ നിയോഗിക്കപ്പെട്ട ഒരു കേണലില്‍ നിന്ന് .45 റിവോള്‍വര്‍ വാങ്ങുകയും അതു രാഗേഷ് ധാവ്‌ഡെ എന്ന പ്രതിക്ക് 30,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു.
ദേവ്‌ലാലിലെ സൈനിക ക്യാംപില്‍ നിന്ന് മോഷ്ടിച്ച ഏഴ് 9 എംഎം സര്‍വിസ് റിവോള്‍വറുകളും വെടിക്കോപ്പുകളും പുരോഹിത് ധാവ്‌ഡെയ്ക്ക് വില്‍പന നടത്തിയെന്നും സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യലിനിടെ പുരോഹിത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."