കൊയിലാണ്ടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷം
പയ്യോളി: മുസ്‌ലിം ലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ പഴയ പ്രതാപം നഷ്ടപ്പെടുന്നതായും ശാഖാതലം മുതല്‍ വ്യാപകമായ വിഭാഗീയത ഉടലെടുത്തതായും ആക്ഷേപമുയരുന്നു. നിലവിലുള്ള മണ്ഡലം കമ്മിറ്റിക്ക് കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
ചേമഞ്ചേരി, പയ്യോളി പഞ്ചായത്ത് കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റിയുമായി നിസഹകരണത്തിലാണ്. ഈ രണ്ട് പഞ്ചായത്തുകളിലെയും മുതിര്‍ന്ന ഭാരവാഹികളില്‍ പലരും മീറ്റിങുകളില്‍ പങ്കെടുക്കാറുമില്ല. സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് പയ്യോളിയില്‍ മത്സരം നടന്നത്. പഴയ പ്രവര്‍ത്തകരെ തഴഞ്ഞാണ് കമ്മിറ്റി നിലവില്‍ വന്നതെന്നാണ് ആക്ഷേപം.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കൊല്ലത്ത് മുസ്‌ലിം ലീഗ് സാംസ്‌കാരിക വേദിയുടെ പേരിലുണ്ടായ തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്. മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി കരീമിനെ ആക്രമിച്ച കേസില്‍ പാര്‍ട്ടി കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. ഗ്രൂപ്പു പ്രവര്‍ത്തനം സജീവമായ മൂടാടി പഞ്ചായത്തില്‍ ഒരു വിഭാഗം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.
തിക്കോടി പഞ്ചായത്തില്‍ ലീഗ് ശക്തികേന്ദ്രത്തില്‍ വിമത സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടിട്ടും പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ ശാഖാ കമ്മിറ്റിയോ യാതൊരു ഇടപെടലും നടത്താതെ നോക്കുകുത്തിയായെന്നാണ് ആക്ഷേപം.
സംഘടനാ സംവിധാനം കുത്തഴിഞ്ഞതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി, മൂടാടി, തിക്കോടി, പയ്യോളി തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് മുസ്‌ലിം വോട്ടുകള്‍ ചോര്‍ന്നുപോകാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗം അഞ്ചുമിനിട്ടുപോലും ദീര്‍ഘിപ്പിക്കാതെ അവസാനിപ്പിച്ച് മണ്ഡലം നേതാക്കള്‍ സ്ഥലംവിട്ടത് ഏറെ വിവാദമായിരുന്നു.
ഇതിനിടയില്‍ സി.എച്ച് സെന്ററിനുവേണ്ടി വിദേശത്ത് പിരിവ് നടത്തിയതിന്റെ കണക്കുകള്‍ അവതരിപ്പിക്കാത്തതിനെ സംബന്ധിച്ചും വിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ലീഗിന്റെ ശക്തികേന്ദ്രമായ കൊയിലാണ്ടിയില്‍ പി.വി മുഹമ്മദിന്റെ മരണശേഷം സംഘടനാ സംവിധാനം താറുമാറായെന്നും സാധാരണക്കാരായ അണികളുടെ വികാരം മാനിക്കാന്‍ നേതൃത്വം തയാറാവുന്നില്ലെന്നുമാണ് പ്രവര്‍ത്തകരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."