സ്കൂളില്‍ മോഷണം; രണ്ട് ലാപ്പ്ടോപ്പുകള്‍ നഷ്ടമായി
ആലുവ: സെന്റ് മേരീസ് എല്‍.പി സ്കൂളില്‍ നിന്ന് രണ്ട് ലാപ്പ് ടോപ്പുകള്‍ മോഷ്ടിച്ചു. ഹെഡ്മാസ്റ്ററുടെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്പ്ടോപ്പുകളാണ് മോഷണം പോയത്. അധ്യാപിക സ്കൂളില്‍ സൂക്ഷിച്ചിരുന്ന മുന്നൂറ് രൂപയും മോഷണം പോയി.
മുറിയുടെ മരത്തിന്റെ വാതിലുകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് അകത്തിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ട് പൂട്ടുകളിട്ടാണ് മുറി പൂട്ടിയിരുന്നത്. ഇവയും മോഷ്ടാവ് തകര്‍ത്തു. ശനിയാഴ്ച അവധിയായതിനാല്‍ കുട്ടികള്‍ക്ക് ക്ലാസുണ്ടായിരുന്നില്ല.
എന്നാല്‍ മറ്റൊരു ക്ലാസിനായി സ്കൂള്‍ മുറികള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ക്ലാസ് മുറി തുറന്ന് കൊടുക്കാനായി രാവിലെ പ്യൂണ്‍ സ്കൂളിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടനെ അധ്യാപകരെ വിവരം അറിയിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ആലുവ പൊലിസിന് പരാതി നല്കി. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ സ്കൂളിലെത്തി പരിശോധന നടത്തി.
കഴിഞ്ഞ വര്‍ഷവും ഇതേ സ്കൂളില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അന്ന് വാതിലിന്റെ ഒരു പാളി തകര്‍ത്താണ് മോഷ്ടാവ് മുറിയ്ക്കുള്ളില്‍ കടന്നത്. ഒന്നും കിട്ടാതെ വന്നതോടെ തൊട്ടടുത്ത സെന്റ് മേരീസ് ഹൈസ്കൂളില്‍ നിന്ന് ലാപ്പ് ടോപ്പ് മോഷ്ടിച്ചാണ് കള്ളന് കടന്നു കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."