കസേര നോക്കാതെ വളയം പിടിച്ചു: കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ ഭീഷണിയില്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സില്‍വര്‍ ജെറ്റ് ബസ് രാത്രി 10.20ന് പുറപ്പെട്ടു. മുഴുവന്‍ സീറ്റിലും റിസര്‍വ് ചെയ്‌തെത്തിയ യാത്രികര്‍ സുഖമായി സഞ്ചരിച്ചു. പ്രധാനയിടങ്ങളിലെല്ലാം പതിവുപോലെ യാത്രക്കാര്‍ കയറിയിറങ്ങി. പിറ്റേന്നു രാവിലെ 9.30ന് ബസ് തിരുവനന്തപുരത്തെത്തി. പിന്നീടാണ് യാത്രക്കാര്‍ അറിയുന്നത് ബസിന്റെ വളയം പിടിച്ചത് ഡ്രൈവറല്ല ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറായിരുന്നുവെന്ന്.
തുടര്‍ന്ന് യാത്രക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ച് അഭിനന്ദനമറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഇദ്ദേഹത്തെ കുറിച്ച് പറയാന്‍ പലര്‍ക്കും നൂറുനാവാണുള്ളത്.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറായ രാജേന്ദ്രനാണ് തന്റെ കസേര നോക്കാതെ വളയം പിടിച്ചത്. 'ജോലി ചെയ്യിക്കേണ്ട ഉത്തരവാദിത്തമാണ് എനിക്കുള്ളത്. ജോലി ചെയ്യേണ്ടതില്ല. എന്നാല്‍ പ്രസ്തുത ബസിന്റെ ഡ്രൈവര്‍ അന്നു അവധിയായിരുന്നു. അതിനാല്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ എനിക്ക് മുന്നിലില്ലായിരുന്നു'വെന്ന് രാജേന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു.
സ്റ്റേഷനില്‍ വരുന്ന ബസുകളുടെ സമയക്രമങ്ങളും അനുബന്ധ കാര്യങ്ങളും നിര്‍വഹുകയാണ് ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയെന്നിരിക്കെ രാജേന്ദ്രന് നിലവില്‍ സസ്‌പെന്‍ഷന്‍ ഭീഷണിയും നിലവിലുണ്ട്.
അതേസമയം ഭീഷണി ശക്തമായി നേരിടുമെന്നും തങ്ങളുടെ എം.ഡി രാജമാണിക്യം തകരാറിലായ ബസിന്റെ ടയര്‍ മാറ്റിയതാണ് തനിക്കു പ്രചോദനമെന്നും രാജേന്ദ്രന്‍ പറഞ്ഞു. എല്ലാ സ്റ്റേഷനിലും സ്റ്റാന്‍ഡ്‌ബൈ ഡ്രൈവറെ നിയമിക്കണമെന്നത് കെ.എസ്.ആര്‍.ടി.സിയുടെ നിയമമാണ്. നിലവില്‍ കോഴിക്കോട്ടടക്കം കേരളത്തിലെ പ്രധാന സ്റ്റാന്‍ഡുകളില്‍ ഇത്തരമൊരു സംവിധാനമില്ല.
കൂടാതെ ഡ്രൈവര്‍മാരുടെ ക്ഷാമവും നിരന്തരമുള്ള ട്രാന്‍സ്ഫറും സ്റ്റേഷന്‍ ചുമതലയുള്ള ഇത്തരം ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."