കൈയെഴുത്ത് പെരുന്നാള്‍ എന്ന 'വലിയ' പെരുന്നാള്‍!
പൊന്നാനി: കാലം മായ്ക്കാത്ത ഒത്തിരി ഓര്‍മകളെയും ആചാരങ്ങളെയും ഇന്നും സൂക്ഷിക്കുന്ന അപൂര്‍വം നാടുകളിലൊന്നാണ് പൊന്നാനി. ദുല്‍ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന കൈയെഴുത്ത് പെരുന്നാള്‍ അതിലൊന്നാണ്. പതിവു തെറ്റിക്കാതെ ഇത്തവണയും പൊന്നാനി അങ്ങാടിയിലെ മദ്‌റസകളിലും അവശേഷിക്കുന്ന മൂന്ന് ഓത്തുപള്ളികളിലും കൈയെഴുത്ത് പെരുന്നാള്‍ വിപുലമായി ആഘോഷിച്ചു.
പുത്തനുടുപ്പണിഞ്ഞ വിദ്യാര്‍ഥികള്‍ക്കു മദ്‌റസയിലെ പ്രധാനാധ്യാപകന്‍ കൈവെള്ളയില്‍ ബിസ്മിയും ഖുര്‍ആന്‍ വാക്യങ്ങളും എഴുതിനല്‍കും. പനിനീരില്‍ ചാലിച്ച അറബ് മഷിയിലാണ് എഴുത്ത്. മുളകൊണ്ടുണ്ടാക്കിയ 'കലമ് ' ആണ് എഴുതാന്‍ ഉപയോഗിക്കുന്നത്. കൈയെഴുത്തു ദിവസം മദ്‌റസകള്‍ അലങ്കരിച്ചിട്ടുമുണ്ടാകും. കൈവെള്ളയില്‍ എഴുതിയാല്‍ ഉസ്താദിനു കുട്ടികള്‍ മധുരപലഹാരങ്ങളും പാരിതോഷികവും സമ്മാനിക്കും. തുടര്‍ന്ന് എഴുത്ത് മായ്ക്കാതെ കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരെ കാണിക്കും. കാണിക്കുന്ന കുട്ടികള്‍ക്കെല്ലം മുതിര്‍ന്നവര്‍ കൈനീട്ടം നല്‍കും.
പഴയ ഗുരുനാഥന്മാരെ സ്‌നേഹത്തോടെ ചെന്നു കണ്ടു രക്ഷിതാക്കളും ഈ ദിവസം കൈയെഴുത്ത് പെരുന്നാളില്‍ പങ്കെടുക്കും. ദുല്‍ഹിജ്ജ ഒന്നുമുതല്‍ ഏഴുവരെയാണ് കൈയെഴുത്ത് പെരുന്നാള്‍. മദ്‌റസകള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഓത്തുപള്ളികളുടെ കാലത്തു പൊന്നാനിയില്‍ കൈയെഴുത്ത് പെരുന്നാള്‍ കെങ്കേമമായാണ് കൊണ്ടാടായിരുന്നത്. അന്നു മൊല്ലാക്കമാര്‍ക്കു ശമ്പളത്തിനു പകരം ഇങ്ങനെ ലഭിക്കുന്ന പാരിതോഷികങ്ങളും നാണയങ്ങളുമായിരുന്നു വരുമാന മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."