മുളക്കട-വാടി റോഡ് പദ്ധതി: ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും
കൊല്ലം: വാടി-മുളക്കട റോഡിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം. മുകേഷ് എം.എല്‍.എ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഉപകരിക്കുന്ന ഈ റോഡിന്റെ നിര്‍മാണത്തിന് ഒരു സ്വകാര്യവ്യക്തിയുടെ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ടെന്നും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌ലൈനും കോര്‍പറേഷന്റെ സീവേജ് ലൈനും മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ റവന്യൂ, പൊതുപൊമരാമത്ത്, വാട്ടര്‍ അതോറിറ്റി, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം നടത്തി തടസങ്ങള്‍ പരിഹരിക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
ജില്ലയിലെ കോളനികളുടെ വികസനത്തിനായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. ഓണക്കാലത്ത് ഹോട്ടല്‍ ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നില്ലെന്നും പൊതുവിതരണ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
ലൈഫ് മിഷന്റെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. കൊല്ലംചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി വേണാട് സര്‍വിസില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം. സമ്പൂര്‍ണ ശുചിത്വ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റില്‍നിന്നു വേസ്റ്റ് ബിന്നുകള്‍ പൂര്‍ണമായും നീക്കം ചെയ്തത് ജീവനക്കാര്‍ക്കും കളക്ടറേറ്റില്‍ എത്തുന്ന ജനങ്ങള്‍ക്കും ഏറ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഏബ്രഹാം സാമുവല്‍ ചൂണ്ടിക്കാട്ടി.
വേസ്റ്റ് ബിന്നുകള്‍ പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും എ.ഡി.എം ഐ. അബ്ദുല്‍ സലാം പറഞ്ഞു.ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."