തൊഴില്‍ സ്തംഭനം മണല്‍, കരിങ്കല്‍ തൊഴിലാളികള്‍ക്ക് ഇക്കുറിയും നിറംമങ്ങിയ ഓണം
സ്വന്തംലേഖകന്‍
കൊട്ടാരക്കര: ജില്ലയിലെ മണല്‍, കരിങ്കല്‍ മേഖലകളിലെ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇക്കുറിയും മനം നിറഞ്ഞ് ഓണം ആഘോഷിക്കാന്‍ കഴിയില്ല.
തൊഴില്‍ സ്തംഭനം തുടരുന്നതിനാല്‍ വരുമാനം നിലച്ച ഇക്കൂട്ടര്‍ക്ക് ആഘോഷങ്ങള്‍ ഇപ്പോള്‍ ചോദ്യചിഹ്നമാണ്. കല്ലടയാറ്റില്‍ നിന്നുള്ള മണല്‍ വാരലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷത്തിലധികമായി.
അനിയന്ത്രിതമായ മണല്‍ ഊറ്റ് ആറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് പറഞ്ഞാണ് മണല്‍ വാരല്‍ നിരോധിച്ചത്. മണ്‍സൂണ്‍ നിയന്ത്രണം കഴിഞ്ഞ് മണല്‍ വാരാന്‍ അനുമതി മറ്റു നദികളില്‍ നല്‍കിയെങ്കിലും കല്ലടയാറ്റില്‍ നിന്നു മണല്‍ വാരുന്നത് ജില്ലാ ഭരണകൂടം നിരോധിക്കുകയായിരുന്നു.
ഇത് പിന്നീട് പിന്‍വലിക്കുകയുണ്ടായില്ല. ഇതോടെ നൂറുകണക്കിന് ആളുകളാണ് തൊഴില്‍രഹിതരായത്. മണല്‍ വാരല്‍ തൊഴിലാളികളും കയറ്റിയിറക്ക് തൊഴിലാളികളും ലോറി തൊഴിലാളികളുമെല്ലാം ഇതില്‍പ്പെടും.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മണല്‍ വാരുന്നതിനുള്ള അനുമതി നല്‍കണമെന്ന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ഇവരില്‍ നിന്നു സുവര്‍ണ കാലഘട്ടങ്ങളില്‍ വലിയ സംഭാവനകള്‍ വാങ്ങിയിരുന്ന ട്രേഡ് യൂനിയനുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ തൊഴിലാളികള്‍ക്കായി ശക്തമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. തൊഴില്‍ ചെയ്ത് കൈനിറയെ പണം വാങ്ങിയിരുന്ന ഈ തൊഴിലാളികളെല്ലാം ഓണക്കാലത്ത് ഭീതിയോടെയാണ് നോക്കി കാണുന്നത്.
ആഘോഷങ്ങള്‍ പല മേഖലയിലും തുടങ്ങികഴിഞ്ഞെങ്കിലും ഈ കുടുംബങ്ങള്‍ എല്ലാം ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്.
ജില്ലയില്‍ കരിങ്കല്‍ മേഖലയും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. പാരിസ്ഥിതികാനുമതി നിയന്ത്രണം വന്നതോടെയാണ് ക്വാറികള്‍ നിശ്ചലമായത്. കടുത്ത നിബന്ധനകളും പണച്ചിലവും മൂലം ചെറുകിട ക്വാറി നടത്തിപ്പുകാര്‍ക്കൊന്നും ഈ അനുമതി നേടിയെടുക്കാന്‍ കഴിയില്ല.
അനുമതിക്കായി അപേക്ഷിച്ച വന്‍കിടക്കാര്‍ക്കും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മറ്റു ജില്ലകളില്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നുമുണ്ട്. ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിശ്ചലമായതോടെ തൊഴിലാളികളും അനുബന്ധമായി തൊഴിലെടുത്തിരുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായി.
ഇവരുടെ കുടുംബജീവതവും പ്രതിസന്ധിയിലാണ്. അരക്ഷിതാവസ്ഥയിലായ ഈ കുടുംബങ്ങള്‍ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയിലാണ്. യൂനിയനുകള്‍ ഉണ്ടെങ്കിലും ഈ രണ്ടു മേഖലകളിലേയും തൊഴിലാളികള്‍ അസംഘടിതരാണ്. തൊഴില്‍ വകുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ഉത്സവ ആനുകൂല്യങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ലഭിക്കുകയില്ല. മുന്‍കാലങ്ങളില്‍ കൈ നിറയെ ശമ്പളവും ബോണസും വാങ്ങി ഓണം ആഘോഷിച്ചിരുന്നവരാണ് ഇവര്‍.
ഇപ്പോള്‍ ഓണ നാളുകള്‍ എങ്ങനെ തള്ളിനീക്കണമെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബാംഗങ്ങള്‍. ഇവരെ സഹായിക്കാന്‍ ഇപ്പോള്‍ യൂനിയനുകളോ രാഷ്ട്രീയ പാര്‍ട്ടികളോ കാര്യമായ രീതിയില്‍ രംഗത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."