ലോക മഹാസംഗമത്തിന് പുണ്യനഗരി ഒരുങ്ങി; ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മിനയിലേക്ക്
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഹജ്ജിനെത്തിയ വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ പുണ്യനഗരി സജ്ജമായി. അലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീര്‍ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ പരിശുദ്ധ നഗരിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ചയായാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം നാളെ (ചൊവ്വ)യോടെ ആരംഭിക്കും. തിരക്കൊഴിവാക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് സമയക്രമീകരണം നല്‍കിയിട്ടുണ്ട്.
തിരക്കു പരിഗണിച്ചു ഇന്ത്യന്‍ ഹാജിമാരുടെ മിനാ യാത്ര നാളെ (ചൊവ്വാ) ഉച്ചയോടെ ആരംഭിക്കും. ദുഹ്ര്‍ നിസ്‌കാര ശേഷം തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാന്‍ സജ്ജമാകാനുള്ള നിര്‍ദേശം ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നല്‍കിയിട്ടുണ്ട്. ഇന്നലെയോടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട അവസാന നിര്‍ദേശ പരിശീലന ക്ലാസ്സുകള്‍ നടത്തി. നാളെ ഉച്ചയോടെ ആരംഭിക്കുന്ന യാത്ര ബുധനാഴ്ച്ചയും തുടരും.
[caption id="attachment_413604" align="alignleft" width="630"] ഇന്ത്യന്‍ തീര്‍ഥാടകരുടെ മിനയിലെ താമസ കേന്ദ്രങ്ങള്‍[/caption]ബുധനാഴ്ച്ച മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് യാത്രയാകും. വ്യാഴാഴ്ചയാണ് ലോക മഹാസംഗമമായ അറഫാ ദിനം.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് കിംഗ് അബ്ദുല്ല റോഡിനു സമീപമാണ് പ്രധാന ടെന്റുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു മെട്രോ സ്റ്റേഷനുകള്‍ ഇവിടെയാണ് നിലകൊള്ളുന്നത്. മാത്രമല്ല, ജംറക്ക് സമീപം അല്‍ഖൈഫ് മസ്ജിദിനു സമീപവുമാണ്. ഇത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആശ്വാസമായിരിക്കും.
മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു ഡസനിലധികം വകുപ്പുകള്‍ക്കു കീഴിലാണ് മിന, അറഫ , മുസ്ദലിഫ എന്നിവിടങ്ങളിളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, റോഡ് നവീകരണം, തമ്പുകളിലെ എയര്‍ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ണമായിട്ടുണ്ട്. മക്കയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്.
തീപിടിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുഴുവന്‍ തമ്പുകളിലും വെള്ളം സ്‌പ്രേ ചെയ്തും മറ്റും ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. മിനായില്‍ മെഡിക്കല്‍ ക്ലിനിക്കുകളും, ആശുപത്രികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."