റോഡരികില്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ദമ്പതികള്‍ അറസ്റ്റില്‍
കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ റോഡരികിലെ ചാക്കില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപാപ്പാനുമായ സന്തോഷ്(40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസില്‍ വിചാരണ നേരിടുന്നയാളുമായ എ.ആര്‍ വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ്(38), ഇയാളുടെ ഭാര്യ കുഞ്ഞുമോള്‍(34) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് ശരീരം അറുത്തുമുറിക്കുകയായിരുന്നു എന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. സന്തോഷിന്റെ തല ഇന്നലെ രാവിലെ മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ തോട്ടില്‍നിന്നാണ് പൊലിസ് കണ്ടെത്തിയത്. വിനോദ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് തലഭാഗം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് കോട്ടയം- കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപം മൂന്ന് കഷ്ണങ്ങളാക്കി മൂന്നു ചാക്കുകളില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ പരിസരവാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. ഇതോടെയാണ് മുന്‍പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലിസിന് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലിസ്, സന്തോഷിന്റെ നമ്പരില്‍ നിന്ന് ഏറ്റവും അവസാനമായി വിളിച്ചത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. അര്‍ധരാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
വിനോദിനെയും ഭാര്യയെയും വെവ്വേറേ ഇരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. തലഭാഗം മക്രോണി പാലത്തിനു സമീപം ഉപേക്ഷിച്ചെന്ന് ചോദ്യം ചെയ്യലില്‍ വിനോദ് സമ്മതിച്ചു. ഇതേതുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ തലഭാഗം കണ്ടെത്തിയത്.
വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭാ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതെച്ചൊല്ലി നേരത്തെ വിനോദും സന്തോഷും തര്‍ക്കമുണ്ടായിരുന്നു. വിനോദ് ജാമ്യത്തിലിറങ്ങിയ ശേഷം സന്തോഷിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇരുവരും ബന്ധം തുടരുന്നതിലുള്ള വൈരമാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."