യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം
അബൂദബി:യുഎഇയിൽ സുപ്രധാന വീസ നിയമഭേദഗതി കുടുംബനാഥൻ യുഎഇ വീസ നിയമം ലംഘിച്ചാൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റാൻ അനുമതിയായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്സ് ആൻഡ് കസ്റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമാപ്പ് തീരാൻ രണ്ടാഴ്‌ച ശേഷിക്കെയാണ് സുപ്രധാന വീസാ നിയമഭേദഗതി ഐസിപി പ്രഖ്യാപിച്ചത്. പലവിധ നിയമലംഘനങ്ങളിൽ പെട്ട് വീസ പുതുക്കാൻ സാധിക്കാതെ യുഎഇയിൽ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാൻ ഇതോടെ വഴിതെളിഞ്ഞു.
നിയമലംഘനങ്ങളിൽ അകപ്പെട്ട കുടുംബാംഗങ്ങൾ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവിൽ രേഖകൾ ശരിയാക്കി പിഴയോ ശിക്ഷയോ കുടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനും അവസരമുണ്ട്.
കുടുംബനാഥൻ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയിൽ തുടരുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്താൽ കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കില്ല. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒട്ടും വൈകികരുത്. ഇത്തരക്കാർ മാനവശേഷി - സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വർക്ക് പെർമിറ്റിനോ അപേക്ഷിക്കേണ്ടതാണ്.
തുടരാൻ താൽപര്യമില്ലാത്തവർ ഇതേ വെബ്സൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കണം. മറ്റൊരു ജോലിയിലേക്കു മാറുന്നുവെങ്കിൽ പുതിയ തൊഴിലുടമയാണ് മന്ത്രാലയത്തിൽ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ നൽക്കേണ്ടത്.
രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നവർ നിയമനടപടി പൂർത്തിയാക്കിയ ശേഷം ഐസിപി വെബ്സൈറ്റ് വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷ നൽക്കണം. പൊതുമാപ്പിൻ്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ മാസം 31 വരെ നീളുന്ന പൊതുമാപ്പ് കാലയളവ് നീട്ടില്ലെന്നും നവംബർ 1ന് ശേഷം നിയമലംഘകർക്കായി പരിശോധന കർശനമാക്കുമെന്നും നേരത്തെ യുഎഇ വ്യക്‌തമാക്കിയിരുന്നു. പിടിക്കപ്പെടുന്നവർക്ക് വൻ തുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."