നിര്‍ധന കുടുംബത്തിനു ഷൂട്ടേഴ്‌സ് പടന്ന ഭവനമൊരുക്കുന്നു
തൃക്കരിപ്പൂര്‍: കളിക്കളത്തില്‍ വീറുറ്റ പോരാട്ടം നടത്തി കാണികളെ ത്രസിപ്പിക്കുന്ന പടന്ന ഷൂട്ടേഴ്‌സ് ക്ലബ് സേവനമേഖലയിലും സജീവമാകുന്നു. അരക്ക് താഴെ തളര്‍ന്ന താമസിക്കാന്‍ ഇടമില്ലാത്ത കുടുംബനാഥനും ഭാര്യയും നാലു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിനായി പടന്ന കോയംന്താര്‍ മൈമ സ്‌കൂളിനു സമീപം ഇരുനില കരുണ്യ ഭവനം നല്‍കാനുള്ള ഒരുക്കത്തിലാണു ക്ലബ് ഭാരവാഹികള്‍.
ഓരോ സീസണിലും ക്ലബുകള്‍ സാമ്പത്തിക ബാധ്യതയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന അവസരത്തിലാണ് ഒരു ഉദാരമതി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവഴിച്ചു കാരുണ്യ ഭവനം ഒരുക്കുന്നത്.
ബലിപെരുന്നാള്‍ ദിനത്തില്‍ ഈ നിര്‍ധന കുടുംബത്തെ ഷൂട്ടേഴ്‌സ് കാരുണ്യ ഭവനത്തില്‍ എത്തിക്കാനാണ് ശ്രമം. പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഷൂട്ടേഴ്‌സ് ക്ലബ് ഇതിനകം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. സംസ്ഥാനത്തു തന്നെ സ്വന്തമായി സ്റ്റേഡിയം നിര്‍മിച്ചു ഖ്യാതിനേടിയ ഷൂട്ടേഴ്‌സ് പടന്നയുടെ പുതിയ ദൗത്യം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഷൂട്ടേഴ്‌സിന്റെ യു.എ.ഇ, സൗഊദിന്‍, ഖത്തര്‍, കുവൈറ്റ്, മലേഷ്യ, ലണ്ടന്‍, മുംബൈ എന്നീ വിദേശ കമ്മിറ്റികള്‍.
ക്ലബിന്റെ സാരഥികളായ യു.സി മുഹമ്മദ് കുഞ്ഞി, ടി.കെ.എം റഫീഖ്, ടി.കെ അഷ്‌റഫ്, ജി.എസ് സഈദ്, ഹക്കീം എന്നിവരാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."