ഐ.പി.എസുകാരന്‍ ചമഞ്ഞ് കാമുകിക്കൊപ്പം കഴിഞ്ഞുവന്ന യുവാവ് അറസ്റ്റില്‍
തൊടുപുഴ: ഐ.പി.എസുകാരന്‍ ചമഞ്ഞ് കാമുകിക്കൊപ്പം താമസിച്ചുവന്ന യുവാവ് അറസ്റ്റിലായി. വടകര ഇരിങ്ങണ്ണൂര്‍ ഇടച്ചേരി കള്ളിക്കുട്ടത്തില്‍ ലിജീഷ് .കെ. പ്രിന്‍സ് (33) ആണ് ഇടുക്കി ഉപ്പുതറയില്‍ പിടിയിലായത്. ഫേസ് ബുക്കിലൂടെ പ്രണയത്തിലായ ഉപ്പുതറ പുത്തന്‍പുരയ്ക്കല്‍ ബെറ്റി എന്ന ബ്ലെസിയോടൊപ്പം താമസിച്ചു വരികയായിരുന്നു.
രണ്ടു മാസമായി മേച്ചേരിക്കടയിലെ വാടക വീട്ടിലായിരുന്നു താമസം. വീടിനു മുന്നില്‍ ലിജീഷ് .കെ. പ്രിന്‍സ് ഐ.പി.എസ് എന്ന ബോര്‍ഡ് പതിച്ചിരുന്നു. ഇയാളുടെ ഇടപെടലുകളില്‍ സംശയം തോന്നിയ നാട്ടുകാര്‍ ബോര്‍ഡ് സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ചിന്റെയും ഉപ്പുതറ പൊലിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ പൊലിസ് മേധാവിയുടെ അന്വേഷണത്തില്‍ ഇങ്ങനെ ഒരാള്‍ ഐ.പി.എസ് കേഡറിലില്ലെന്നു വ്യക്തമായി. തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്‌മോഹന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഉപ്പുതറ എസ്.ഐ എസ്. കിരണ്‍ ഇയാളെ കസ്റ്റഡയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
റിവോള്‍വറിന്റെ ആകൃതിയിലുള്ള എയര്‍ പിസ്റ്റള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ എന്ന ഐഡന്റിറ്റി കാര്‍ഡ്, ജില്ലാ പൊലിസ് മേധാവി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നീ വേഷത്തിലുള്ള നിരവധി ഫോട്ടോകള്‍ എന്നിവയും പൊലിസ് ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ബാഗില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളും ലഭിച്ചു. വടകരയില്‍ ഭാര്യയും നാലിലും ഒന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉണ്ടെന്ന് ഇയാള്‍ പൊലിസിനോടു സമ്മതിച്ചു.
പൊലിസ് ഓഫിസര്‍ ആണെന്നു പറഞ്ഞാണ് ആദ്യ വിവാഹവും കഴിച്ചത്. വ്യാജ പദവി ഉപയോഗിച്ച് എവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന് കൂടുതല്‍ ചോദ്യം ചെയ്താലെ അറിയാന്‍ കഴിയുകയുള്ളൂ എന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."