പെന്‍ഷനും ഉത്സവബത്തയുമില്ല: സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇത്തവണയും അവഗണന
മുക്കം (കോഴിക്കോട്): ഉത്സവബത്തയും മുന്‍കൂര്‍ ശമ്പളവുംവാങ്ങി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരും ഓണവും പെരുന്നാളും ഉത്സവമാക്കാനൊരുങ്ങുമ്പോള്‍ സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇത്തവണയും അവഗണന.
ഓണത്തിനും പെരുന്നാളിനും ദിവസങ്ങള്‍മാത്രം ശേഷിക്കെ ഇവര്‍ക്കിതുവരെ ശമ്പളമോ ഉത്സവ ബത്തയോ ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 234 സ്‌പെഷല്‍ സ്‌കൂളുകളിലായി അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്. അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് ഇവരുടെ ശമ്പളം. മാനസിക വെല്ലുവിളി നേരിടുന്ന അരലക്ഷത്തിലധികം കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്നത്.
2008ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആദ്യമായി ഗ്രാന്‍ഡ് അനുവദിച്ചത്. 10 കോടിയായിരുന്നു അന്ന് വകയിരുത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഗ്രാന്‍ഡ് തുകയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബജറ്റില്‍ 12 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയത്. തുക വകയിരുത്തിയതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിലൊതുക്കിയ ഉത്സവബത്ത പുതിയ സര്‍ക്കാരെങ്കിലും നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
100 കുട്ടികളില്‍ കൂടുതലുളള സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്‌പെഷല്‍ സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ 34 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഭരണം മാറിയതോടെ തുടര്‍നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഭരണത്തിലെത്തിയാല്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി ഗ്രാന്‍ഡ് തുകയും വര്‍ധിപ്പിച്ച് ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
സര്‍ക്കാര്‍ ഈ നയം തുടരുകയാണെങ്കില്‍ ഓണക്കാലത്ത് പട്ടിണിസമരത്തിന് തയാറെടുക്കുകയാണ് ജീവനക്കാരുടെ കൂട്ടായ്മയായ സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."