കേരളം മികച്ച സംസ്ഥാനമല്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം
കോഴിക്കോട്: കേരളം മികച്ച സംസ്ഥാനമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമാ സാഹു. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ അറിയാതിരിക്കുകയോ, അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്യുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി ആരുടെയെങ്കിലും നിയന്ത്രണത്തിലോ ധൈര്യമില്ലാതെയോ ഭരണം നടത്തുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ സ്ത്രീകളും കുട്ടികളും ഇരകളാകുകയാണ്. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനം നിലനിര്‍ത്താനുള്ള ചുമതല. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഡി.ജി.പിക്ക് പോലും അടിക്കടി തന്റെ വാദങ്ങളില്‍നിന്നു വ്യതിചലിക്കേണ്ടി വരികയാണ്. പൊലിസ് പറയുന്നത് തങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്.
സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ കമ്മിഷന്‍ വിളിച്ചുവരുത്തും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വനിതാ കമ്മിഷന്‍ അടിയന്തരമായി ഇടപെടും. കമ്മിഷന് ലഭിച്ച പരാതികള്‍ ഡി.ജി.പിക്ക് കൈമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തുനിന്ന് നിരവധി ലൗ ജിഹാദ് കേസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമാസാഹുവിന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി. കേരളത്തില്‍ വന്നപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ലൗജിഹാദ് കേസുകളുമായി ബന്ധപ്പെട്ട് കമ്മിഷന്‍ എന്ത് നടപടിയെടുക്കുമെന്ന് ചോദിച്ചുവെന്ന് പറഞ്ഞതാണ് ഒടുവില്‍ അവര്‍ക്കു തന്നെ വിനയായത്. ഏതൊക്കെ ജില്ലയില്‍ നിന്ന് എത്ര കേസുകള്‍ ലഭിച്ചെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അല്‍പനേരത്തെ മൗനത്തിന് ശേഷമാണ് മറുടി പറഞ്ഞത്. താന്‍ കൈയില്‍ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും ഡല്‍ഹിയില്‍ ചെന്ന് വിവരങ്ങള്‍ കൈമാറാമെന്നുമായിരുന്നു മറുപടി.
ഹാദിയ കേസില്‍ സുപ്രിം കോടതി ഇടപെട്ടതാണെന്നും അതില്‍ കമ്മിഷന്‍ അഭിപ്രായം പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. മിശ്രവിവാഹത്തിന് ഒരിക്കലും എതിരല്ല. ഇത്തരത്തില്‍ വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യത്തിനായി സ്ത്രീകളെ ഇത്തരത്തില്‍ വിവാഹം ചെയ്ത് പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായി ഇടപടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."