സ്വാശ്രയ പ്രവേശനത്തിലുണ്ടായത് വന്‍ദുരന്തം: ചെന്നിത്തല
തിരുവനന്തപുരം: സുപ്രിം കോടതി വിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ദുരന്തമാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അഞ്ചുലക്ഷം രൂപയായിരിക്കും ഫീസ് എന്ന ധാരണയില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാര്‍ ഈ ദുരന്തം ചോദിച്ച് വാങ്ങുകയാണ് ചെയ്തത്.
ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ യഥേഷ്ടം സമയം സമ്മാനിക്കുകയായിരുന്നു.
ജൂലൈ 17 നാണ് അഞ്ചുലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വീണ്ടും ഒരു മാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ പ്രവേശന നടപടികള്‍ തുടങ്ങിയത്. അതിനിടയില്‍ കോളജുകള്‍ കോടതിയെ സമീപിച്ചു. സുപ്രിം കോടതിയിലാകട്ടെ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അവിടെയും ഒത്തുകളിയാണ് നടന്നത്.
കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപ ഫീസ് പ്രത്യേക പരിതസ്ഥിതിയില്‍ രണ്ട് കോളജുകള്‍ക്ക് മാത്രമായി കോടതി അനുവദിച്ചതാണ്. മറ്റ് കോളജുകളില്‍ നാലുതരം ഫീസാണ് നിലനിന്നിരുന്നത്. ഈ വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
ഉത്തരവുകള്‍ മാറ്റിമാറ്റി ഇറക്കി തുടക്കം മുതല്‍ പൂര്‍ണമായ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഫീസ് നിര്‍ണയത്തിനുള്ള രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് അഞ്ചുലക്ഷമായി നിശ്ചയിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷത്തെ നാലുതരം ഫീസ് ഘടനയുടെ പേരില്‍ ചര്‍ച്ച നടത്തി സര്‍ക്കാര്‍ സമയം പാഴാക്കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."