സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന: സുപ്രിംകോടതി വിധി; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രിം കോടതി വിധി വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍. മെഡിക്കല്‍ പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ച മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നലെ രാവിലെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി അഞ്ചുലക്ഷം ഫീസടച്ച് പ്രവേശനം നേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു 11 ലക്ഷം ഫീസ് വര്‍ധിപ്പിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവ്.
ഇനിയും ആറുലക്ഷം കൂടി ഫീസ് ഇനത്തില്‍ അടയ്ക്കാന്‍ കഴിയില്ലെന്നാണ് പ്രവേശനത്തിന് എത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്. 15 ദിവസത്തെ സാവകാശമാണ് ബാക്കി തുക അടയ്ക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ തുക കണ്ടെത്താന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് രക്ഷിതാക്കളിലേറെയും.
പുതിയ ഫീസ് നിര്‍ദേശം വന്നതോടെ പ്രവേശനം കാത്തുനിന്നവരില്‍ ഏറെയും തിരികെ പോവുകയും ചെയ്തു. സുപ്രിം കോടതിയില്‍നിന്നു സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് അനുകൂലമായ വിധി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം മുന്‍പുതന്നെ ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇക്കാര്യം നിയമസഭയില്‍ അടക്കം ഉയര്‍ത്തി. ഈ ആരോപണം തെളിയിക്കുന്നതായി സുപ്രിം കോടതിയുടെ ഇടക്കാല വിധി.
സ്വാശ്രയ വിഷയത്തില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി യുവജന സംഘടനകളും മൗനത്തിലാണ്. 11 ലക്ഷം ഫീസ് അടക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നതോടെ മാനേജുമെന്റുകള്‍ക്ക് സീറ്റുകള്‍ തന്നിഷ്ടപ്രകാരം വില്‍ക്കുന്ന സ്ഥിതിയിലേക്കാണ് മെഡിക്കല്‍ പ്രവേശനം പോകുന്നത്.
സര്‍ക്കാര്‍ സീറ്റ്, മാനേജ്‌മെന്റ് സീറ്റ് എന്ന വേര്‍തിരിവില്ലാതാക്കാനായി ഏകീകൃത ഫീസ് നിശ്ചയിച്ചിരുന്നത്. എല്ലാ സീറ്റിലും സര്‍ക്കാര്‍ തന്നെ പ്രവേശനം നടത്തുന്നതിനാല്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനാവകാശവുമില്ലായിരുന്നു. എന്നാല്‍, പ്രവേശന കമ്മിഷണര്‍ വീണ്ടും ഇതിനെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റുകള്‍ എന്ന് വേര്‍തിരിച്ചു.
ഇതോടെ പ്രവേശന കാര്യങ്ങളില്‍ കൂടുതല്‍ അവ്യക്തത നിലനില്‍ക്കുന്ന സ്ഥിതിയും ഉണ്ടായി. അതിനിടെ 11 ലക്ഷം ഫീസ് വാങ്ങാന്‍ സുപ്രിം കോടതി അനുമതി അഞ്ചുലക്ഷം ഫീസ് ഘടന തുടരുമെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് അഞ്ച് ലക്ഷം ഫീസ് ഘടന തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."