84 രോഗികളെ വിഷം കുത്തിവച്ചു കൊന്ന നഴ്‌സിന് ജീവപര്യന്തം
ബെര്‍ലിന്‍: ജര്‍മനിയില്‍ 84 ലേറെ പേരെ വധിച്ച കേസില്‍ പുരുഷ നഴ്‌സിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2015 ല്‍ പ്രതിയായ നീല്‍സ് എച്ച് (40) നെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. രോഗികളെ വിഷം കുത്തിവച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. ഓള്‍ഡന്‍ബര്‍ഗിലെ കോടതിയില്‍ പ്രതിയെ ഹാജരാക്കിയിരുന്നു. 2006 ല്‍ ഇയാള്‍ രോഗികളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും 2015 ല്‍ കൊലനടത്തിയെന്നുമാണ് കേസ്.
ഇയാളുടെ ക്ലിനിക്കില്‍ മരിച്ചവരുടെ ബന്ധുക്കളാണ് പൊലിസിനു പരാതി നല്‍കിയത്. കേസ് അന്വേഷിക്കാന്‍ 2014 ല്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. ജര്‍മനിയില്‍ നടക്കുന്ന ഏറ്റവും വലിയ അരുംകൊലയായാണ് കേസ് പരിഗണിച്ചത്. രോഗികളുടെ ഹൃദയത്തെയും രക്തചംക്രമണ വ്യവസ്ഥയെയും തകര്‍ക്കുന്ന മരുന്നാണ് ഇയാള്‍ കുത്തിവച്ചത്. 2015 ലാണ് നഴ്‌സിന്റെ വിചാരണ പൂര്‍ത്തിയായത്. 90 രോഗികള്‍ക്ക് വിഷം കുത്തിവച്ചതായി ഇയാള്‍ സമ്മതിച്ചു. ഡെല്‍മെന്‍ഹോസ്റ്റ് എന്ന സ്ഥലത്തുള്ള ക്ലിനിക്കിലെ ഐ.സി.യു യൂനിറ്റില്‍ വച്ചാണ് ഇയാള്‍ രോഗികളെ വിഷം കുത്തിവച്ചത്.
ഇയാള്‍ 2000 ല്‍ മറ്റൊരു ക്ലിനിക്കില്‍ ജോലി ചെയ്യവെയാണ് നഴ്‌സിന്റെ ജോലിയില്‍ അസ്വാഭാവികത കണ്ടത്. ഓള്‍ഡന്‍ ബര്‍ഗിലെ ക്ലിനിക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. 2001 ഓടെ ഈ ക്ലിനിക്കില്‍ മരണനിരക്ക് ഉയര്‍ന്നതാണ് സംശയത്തിന് കാരണം. എന്നാല്‍ ആരും സംഭവം പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2014ലാണ് പ്രത്യേക പൊലിസ് കമ്മിഷന്‍ കേസ് അന്വേഷിക്കാന്‍ ആരംഭിച്ചത്.
134 പേരുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടും നൂറുകണക്കിന് മെഡിക്കല്‍ റെക്കോര്‍ഡുകളും പഠിച്ച ശേഷമാണ് കേസിന്റെ ചുരുളഴിഞ്ഞത്. പലരുടെയും മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിനാല്‍ തെളിവ് ലഭിച്ചില്ല. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്കില്ലെന്ന് ഓള്‍ഡന്‍ബര്‍ഗ് പൊലിസ് മേധാവി ജൊഹാന്‍ ഖുമേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."