ഹാര്‍വെ ചുഴലിക്കാറ്റ്: പ്രളയക്കെടുതിയില്‍ വലഞ്ഞ് അമേരിക്കന്‍ നഗരങ്ങള്‍
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹാര്‍വെ ചുഴലിക്കാറ്റ് വിതച്ച കനത്ത പ്രളയം പ്രധാന നഗരങ്ങളെ വെള്ളത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം കനത്തമഴ പെയ്ത ടെക്‌സസില്‍ മണ്ണിടിച്ചിലും വ്യാപക നാശനഷ്ടവുമുണ്ടായി. അഞ്ചു പേരാണ് ഇവിടെ മരിച്ചത്. 30,000 പേര്‍ പ്രളയക്കെടുതിക്കിരയായി.
ടെക്‌സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ കാറ്റും മഴയും അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണിനെ ദുരിതത്തിലാക്കി. ഹൂസ്റ്റണിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.
നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. റോഡുകള്‍ നദികളായി രൂപാന്തരപ്പെട്ടതോടെ റോഡ് യാത്ര അസാധ്യമായി. മിക്ക വീടുകളും വെള്ളത്തില്‍ മുങ്ങി. മാധ്യമസ്ഥാപനങ്ങളും വെള്ളംകയറി പ്രവര്‍ത്തനം തടസപ്പെട്ടു.
വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് പല സബ്ഡിവിഷനുകളില്‍ നിന്നു നിര്‍ബന്ധമായും ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആയിരക്കണക്കിന് മലയാളികളെ ഈ ഉത്തരവ് ബാധിച്ചിട്ടുണ്ട്. മലയാളികള്‍ ഏറെ താമസിക്കുന്ന ഷുഗര്‍ലാന്‍ഡ്, മിസോറി സിറ്റി, സിയന്ന തുടങ്ങിയ മേഖലകളില്‍ പലതില്‍ നിന്നും ഒഴിഞ്ഞു പോകേണ്ട സാഹചര്യമാണുള്ളത്. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ലേക്ക് കോണ്‍റേ ഡാം തുറന്നു വിടാന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. ഇതേത്തുടര്‍ന്ന് ബ്രാസോ നദയില്‍ വെള്ളം ഉയരും. ഈ നദിയുടെ സമീപ പ്രദേശങ്ങളിലുള്ള സബ്ഡിവിഷനുകളിലും ഇതോടെ വെള്ളം കയറുമെന്നാണ് ഭീതി. ഇതേത്തുടര്‍ന്നാണ് വീടുകളില്‍ നിന്ന് താമസക്കാരെ നിര്‍ബന്ധമായും ഒഴിപ്പിക്കുന്നത്.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മെഡിക്കല്‍ സെന്ററിലുള്ള ആശുപത്രികളില്‍ ജോലിക്കു പോയ നഴ്‌സുമാരില്‍ പലര്‍ക്കും ദിവസങ്ങളായി വീടുകളിലേക്കു മടങ്ങാനായിട്ടില്ല. പുതിയതായി ആര്‍ക്കും ജോലിക്കു വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ നിലവില്‍ ജോലി ചെയ്യുന്നവരോട് ആശുപത്രികളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയാണ്. ഭക്ഷണക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനാകുന്നില്ല.
രണ്ടു വിമാനത്താവളങ്ങളും അടച്ചതോടെ ഹൂസ്റ്റണിലേക്കു വന്ന ആയിരങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ കാത്തു കിടക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും പ്രായമായവരെയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.
200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ യൂനിവേഴ്‌സിയിലെ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. കാംപസ് വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലാണ്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. നിഖില്‍ ഭാട്ടിയ, ശാലിനി എന്നീ രണ്ടു വിദ്യാര്‍ഥികളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റോയ് ആണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."