വ്യത്യസ്ത വാര്‍ത്താ ദൃശ്യങ്ങളുമായി 'റെക്കോര്‍ഡിങ് ' മിഴി തുറന്നു
കോഴിക്കോട്: പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും അത്ഭുതപ്പെടുത്തിയും 'റെക്കോര്‍ഡിങ് ' മിഴി തുറന്നു. പ്രസ്‌ക്ലബും വിഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ത്താ വിഡിയോ എക്‌സിബിഷന്‍ 'റെക്കോര്‍ഡിങിന് രണ്ടു ദിവസങ്ങളിലായി കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളിലാണ് നടക്കുന്നത്. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുറ്റാന്വേഷണ വാര്‍ത്തകള്‍ സമാധാനം കെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ചാനലുകള്‍ കോടതികള്‍ക്കു സമാനമായി മാറുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
നടന്‍ ജോയ് മാത്യു മുഖ്യാതിഥിയായിരുന്നു. അക്രമാസക്തമായ വാര്‍ത്തകള്‍ ശേഖരിക്കുമ്പോള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരും കാമറാമാന്‍മാരും അനുഭവിക്കുന്ന സമ്മര്‍ദവും പ്രയാസങ്ങളും ആരും അറിയാതെ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ്, കോസ്‌മോസ് ചെയര്‍മാന്‍ എ.കെ ഫൈസല്‍, എം.കെ പ്രേംനാഥ്, വ്യാസ് പി. റാം, സജീഷ്‌കുമാര്‍ തറയില്‍ സംബന്ധിച്ചു.
വൈകിട്ട് 'നേരം, കാലം, ദൃശ്യം' എന്ന പേരില്‍ ദൃശ്യമാധ്യമ രംഗത്തെ പ്രഗത്ഭരുമായി വിദ്യാര്‍ഥികള്‍ക്കു സംവദിക്കാനുള്ള അവസരമൊരുക്കി. മനോരമ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ അയ്യപ്പദാസ്, മീഡിയാ വണ്‍ ഇന്‍പുട്ട് എഡിറ്റര്‍ ആര്‍. സുഭാഷ്, ഏഷ്യാനെറ്റ് ചീഫ് കാമറാമാന്‍ എന്‍.വി വിനോദ്കുമാര്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. കെ.പി രമേഷ് മോഡറേറ്ററായിരുന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്ന വിവിധ ചാനലുകളിലെ കാമറാമാന്‍മാരുടെ നൂറോളം വ്യത്യസ്തമായ വാര്‍ത്താ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പ്രധാന വാര്‍ത്തകള്‍ ഒന്നിച്ചുകാണാനുള്ള അവസരമാണ് പ്രദര്‍ശനം. ഇത്തരത്തില്‍ ന്യൂസ് വിഡിയോ എക്‌സിബിഷന്‍ കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. പലരും അച്ചടിമാധ്യമങ്ങളില്‍ മാത്രം കണ്ട വാര്‍ത്തകളുടെ വേദനാജനകമായതും ത്രസിപ്പിക്കുന്നതുമായ ചലിക്കുന്ന ദൃശ്യങ്ങളാണ് 'റെക്കോര്‍ഡിങ്ങി'ലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. മദ്യലഹരിയില്‍ സ്വയംബോധം നഷ്ടപ്പെട്ട അമ്മയില്‍നിന്ന് മുലപ്പാലിനായി കരയുന്ന കുട്ടിയും തെരുവുകുട്ടികളുടെ ജീവിതങ്ങളും കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നതാണ്.
എക്‌സിബിഷന്‍ കാണാന്‍ വരുന്നവര്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ തിരഞ്ഞെടുത്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്‌സിബിഷന്റെ ഭാഗമായി ജില്ലയിലെ പ്രാദേശിക ചാനല്‍ കാമറമാന്‍മാര്‍ക്കും ചാനല്‍ സ്ട്രിങ്ങര്‍മാര്‍ക്കും വാര്‍ത്താ മത്സരവും ജേണലിസം അനുബന്ധ വിഷയങ്ങള്‍ പഠിക്കുന്ന കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ന്യൂസ് സ്റ്റോറി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
എറ്റവും നല്ല ആറു വാര്‍ത്തകള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. ഇന്നു രാവിലെ 11.30ന് സിനിമാ ഛായാഗ്രാഹകന്‍ അഴകപ്പന്‍ പൊതുജനങ്ങളും വിദ്യാര്‍ഥികളുമായി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."